കോവിഡാനന്തരം; നിയന്ത്രണങ്ങളുടെ ഒരു ലോകം പിറക്കുകയാണ്
ലോകമൊട്ടാകെ സ്തംഭിപ്പിച്ചു നിർത്തിയ കോവിഡ്19 എന്ന മഹാമാരി 2019 ഡിസംബർ 31ന് ചൈനയിലെ വുഹാൻ മാർക്കറ്റിലാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ഒരു ഡിഎൻഎ പോലുമില്ലാത്ത ഈ സൂക്ഷ്മാണു ലോകത്തെ മാറ്റിമറിക്കുമെന്ന് അന്നാരും നിനച്ചിട്ടുണ്ടാവില്ല . വലിയ ഉത്സവമായി കൊണ്ടാടിയിരുന്ന പുതുവത്സരാഘോഷം ചൈന ആദ്യം നിർത്തിച്ചു. പിന്നീട് ലോകത്തെല്ലായിടത്തും ഔപചാരികവും അനൗപചാരികമായ എല്ലാ പരിപാടികളും നിർത്തി വെക്കുകയുണ്ടായി. എല്ലാ രാജ്യങ്ങളും ക്വാറന്റൈൻ പ്രഖ്യാപിച്ച സമയത്ത് ചില രാഷ്ട്രങ്ങൾ വിഡ്ഢിത്തം നിറഞ്ഞ മാൽത്തൂസിയൻ സിദ്ധാന്തത്തെ കൂട്ടുപിടിച്ച് "കഴിവുള്ളവർ അതി ജയിക്കട്ടെ" എന്ന് പറഞ്ഞെങ്കിലും പിന്നീട് അവരും കൊറോണക്ക് മുന്നിൽ മുട്ടുകുത്തി. നഗരങ്ങൾ അടച്ചുപൂട്ടി, ഫാക്ടറികൾക്ക് റീത്ത് വച്ചു, രാജ്യാന്തര യാത്രകൾക്കും ആഭ്യന്തര യാത്രകൾക്കും വിലങ്ങ് വീണു. ആഗോള സാമ്പത്തിക രംഗം തകിടം മറിഞ്ഞു. ദീർഘകാലം തുടരാനാവില്ലെന്ന് കണ്ടതോടെ സാമൂഹിക വിദഗ്ധരും ശാസ്ത്രജ്ഞന്മാരും ബദൽ മാർഗങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ...