റയ്യാൻ : നിങ്ങളെ കാത്തിരിക്കുകയാണ്

             
റമദാൻ നമ്മെ പിരിയാനിരിക്കുകയാണ്. സുന്നത്തിന് ഫർളിന്റെ  പ്രതിഫലവും ഫർളിന്  അതിന്റെ  70 ഇരട്ടി പ്രതിഫലവും  ലഭിക്കുന്ന മാസം. പിശാചിനെ ചങ്ങലയിൽ ബന്ധിക്കുന്ന മാസം. നരകകവാടങ്ങൾ കൊട്ടിയടക്കപ്പെടുകയും സുവർഗ്ഗ വാതായനങ്ങൾ മലർക്കെ തുറക്കുകയും ചെയ്യുന്ന മാസം. നന്മ വിളയിക്കാൻ അനുകൂലമായ മാസം. അത് നമ്മോട് വിടപറയാനിരിക്കുകയാണ്.
               നന്മയുടെ വിളവെടുപ്പ് കാലമായാണ് റമദളാനിനെ പണ്ഡിതന്മാർ പരിചയപ്പെടുത്തുന്നത്  . ശൈത്താനേ വിലങ്ങിൽ ബന്ധിപ്പിക്കുമെന്നതിനാൽ നന്മ വർദ്ധിപ്പിക്കാനുള്ള അനുകൂലമായ സാഹചര്യം റമളാനിൽ ഒരുങ്ങുമെന്നതാണ് ഇതിന്റെ കാരണം .
               നോമ്പ് തന്നെയാണ് ഇതിൽ പ്രധാനമായും വിളവെടുക്കേണ്ടത് . നോമ്പിലൂടെ തഖ് വ ഉയർത്തുക എന്നതാണ് ലക്ഷ്യമിടുന്നത് . തഖ് വ എന്നാൽ
അള്ളാഹു തആല കൽപ്പിച്ച കാര്യങ്ങൾ ചെയ്യുകയും നിരോധിച്ച കാര്യങ്ങൾ വർജ്ജിക്കലുമാണ്. നോമ്പിൽ അനിവാര്യമായ ഭക്ഷണം നീട്ടിവെക്കാൻ നാം നിർബന്ധിതരാകുന്നതിനാൽ ഇത് തഖ് വയുടെ ഭാഗമാണ് . നോമ്പ് നാഥനും വിശ്വാസിയും തമ്മിൽ മാത്രം അറിയുന്ന കാര്യമാണ്. അതുകൊണ്ടുതന്നെയാണ് നോമ്പ് എനിക്കുള്ളതാണ് അതിന് നാം പ്രതിഫലം നൽകുമെന്ന് അള്ളാഹു തആല പറഞ്ഞത്. ഈ റമദാൻ വിട പറയുമ്പോൾ നമ്മുടെ തഖ് വ ഉയർന്നുവോ നന്മ വിളയിക്കാൻ എനിക്ക് കഴിഞ്ഞോ എന്ന് വിചിന്തനം ചെയ്തു തു തു തു നോക്കൂ...
          റമദാനിലെ പ്രധാനപ്പെട്ട സൽകർമ്മങ്ങളിലൊന്നാണ് തറാവീഹ് നിസ്കാരം .വിശ്വസിച്ചും പ്രതിഫലം ആഗ്രഹിക്കും റമദാൻ വ്രതം എടുക്കുകയും തറാവീഹ് നിസ്കരിക്കുകയും ചെയ്തവർ  മാതാവിന്റെ ഗർഭപാത്രത്തിൽ നിന്ന് അടർന്നു വീണ ദിവസത്തിലേതുപോലെ പാപമുക്തമാകുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്. പാപമോചനത്തിനും ഏറെ പ്രാധാന്യം റമദാൻ കൽപ്പിക്കുന്നുണ്ട് . അതുകൊണ്ടുതന്നെയാണ് റമളാൻ കഴിഞ്ഞു പോയിട്ടും പാപമോചനം നേടാൻ കഴിയാത്തവനെ അല്ലാഹു ശപിക്കട്ടെ എന്ന് ജിബിരീൽ (അ) ദുആ ചെയ്തത് .
          റമളാനിലെ അവസാന ദിനങ്ങൾ വളരെ പ്രാധാന്യം കൽപ്പിക്കപ്പെടേണ്ട ദിവസങ്ങളാണ്. ഏതൊരു കർമ്മത്തിനും അതിന്റെ അന്ത്യനിമിഷമാണ് കൂടുതൽ സുന്ദരമാക്കേണ്ടത്. റമദാനിലും തഥൈവ.  ഇക്കാരണം കൊണ്ടു തന്നെ റമളാൻ അവസാന പത്ത് സമാഗതമായാൽ തിരുനബി (സ്വ) ഉറക്കം വെടിഞ്ഞ് രാത്രിയെ സജീവമാക്കുകയും കുടുംബത്തെ വിളിച്ചുണർത്തുകയും ചെയ്യാറുണ്ടായിരുന്നു. അവിടുന്ന് കൂടുതൽ സൽക്കർമ്മങ്ങളിൽ വ്യാപൃതനാവുകയും അരക്കെട്ടു മുറുക്കിയെടുക്കുകയും ചെയ്യുമായിരുന്നു.
           പൊതുവിൽ തന്നെ വളരെ പ്രാധാന്യമുള്ള ഇഅ്തികാഫിനെ റമളാനിന്റെ അന്ത്യദിനങ്ങളിൽ തിരുനബി വർദ്ധിപ്പിക്കാറുണ്ടായിരുന്നു.അബൂഹുറൈ (റ)  പറയുന്നു .തിരുനബി( സ്വ) എല്ലാ റമദാനിലും അവസാന പത്തിൽ പ്രത്യേകം ഇഅ്തികാഫ് അനുഷ്ഠിക്കാറുണ്ടായിരുന്നു .
           ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കാവുന്ന രാവുകളാണ് അവസാന പത്തിലുള്ളത് .നരക വിമോചനത്തിന്റെ ദിനരാത്രങ്ങൾ. ഈ ദിവസങ്ങളിൽ തന്റെ കുടുംബത്തെയും നബി സജ്ജീകരിക്കാറുണ്ടായിരുന്നു. ഈ അവസാന പത്തിലെ ഒറ്റപ്പെട്ട രാവുകൾ ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കേണ്ട രാവുകളാണ്. അതുമായി ബന്ധപ്പെട്ട ഹദീസിൽ ഇങ്ങനെ കാണാം .ആ രാവിൽ അല്ലാഹു തന്നെ അടിമകളെ കാരുണ്യത്തോടെ നോക്കുന്നതാണ്. അവൻ അവർക്ക് മാപ്പ് നൽകും, വിട്ടുവീഴ്ച ചെയ്യും.
           റമദാൻ സൽകർമ്മങ്ങൾ കൊണ്ട് ധന്യമാക്കി വിജയിച്ചവർക്ക് സ്വർഗ പ്രവേശനത്തിനുള്ള കവാടമാണ് റയ്യാൻ. റമളാനിലൂടെ തഖ് വ ഉയർത്തി സൂക്ഷ്മ ജീവിതം നയിച്ച് റയ്യാൻ കവാടത്തിലൂടെ സ്വർഗ്ഗ പ്രവേശനത്തിന് നമുക്ക് പരിശ്രമിക്കാം ...

Comments

Popular posts from this blog

കോവിഡാനന്തരം; നിയന്ത്രണങ്ങളുടെ ഒരു ലോകം പിറക്കുകയാണ്

ഇ. കെ ഹസൻ മുസ്‌ലിയാർ

മുത്ത് നബി ;നവോത്ഥാന നായകൻ