കോവിഡാനന്തരം; നിയന്ത്രണങ്ങളുടെ ഒരു ലോകം പിറക്കുകയാണ്

          
ലോകമൊട്ടാകെ സ്തംഭിപ്പിച്ചു നിർത്തിയ കോവിഡ്19 എന്ന മഹാമാരി 2019 ഡിസംബർ 31ന് ചൈനയിലെ വുഹാൻ മാർക്കറ്റിലാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ഒരു ഡിഎൻഎ പോലുമില്ലാത്ത ഈ സൂക്ഷ്മാണു
 ലോകത്തെ മാറ്റിമറിക്കുമെന്ന് അന്നാരും നിനച്ചിട്ടുണ്ടാവില്ല . വലിയ ഉത്സവമായി കൊണ്ടാടിയിരുന്ന പുതുവത്സരാഘോഷം ചൈന ആദ്യം നിർത്തിച്ചു. പിന്നീട് ലോകത്തെല്ലായിടത്തും ഔപചാരികവും അനൗപചാരികമായ എല്ലാ പരിപാടികളും നിർത്തി വെക്കുകയുണ്ടായി. എല്ലാ രാജ്യങ്ങളും ക്വാറന്റൈൻ പ്രഖ്യാപിച്ച സമയത്ത് ചില രാഷ്ട്രങ്ങൾ വിഡ്ഢിത്തം നിറഞ്ഞ മാൽത്തൂസിയൻ സിദ്ധാന്തത്തെ കൂട്ടുപിടിച്ച് "കഴിവുള്ളവർ അതി ജയിക്കട്ടെ" എന്ന് പറഞ്ഞെങ്കിലും പിന്നീട് അവരും കൊറോണക്ക് മുന്നിൽ മുട്ടുകുത്തി. നഗരങ്ങൾ അടച്ചുപൂട്ടി, ഫാക്ടറികൾക്ക് റീത്ത് വച്ചു, രാജ്യാന്തര യാത്രകൾക്കും ആഭ്യന്തര യാത്രകൾക്കും വിലങ്ങ് വീണു. ആഗോള സാമ്പത്തിക രംഗം തകിടം മറിഞ്ഞു. ദീർഘകാലം തുടരാനാവില്ലെന്ന് കണ്ടതോടെ സാമൂഹിക വിദഗ്ധരും ശാസ്ത്രജ്ഞന്മാരും ബദൽ മാർഗങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. 
                 ഈ സ്തംഭനാവസ്ഥ എന്നവസാനിക്കുമെന്ന ചോദ്യത്തിന് വാക്സിനിന്റെ കണ്ടുപിടുത്തം പലരും ഉയർത്തിക്കാട്ടുമ്പോഴും മണിക്കൂറുകൾ കൊണ്ട് ജനിതകമാറ്റം സംഭവിക്കുന്ന ഒരു വൈറസിൽ എത്രമാത്രം അത്  പ്രായോഗികമാകുമെന്ന് പറയാൻ സാധിക്കുന്നില്ല. ഇനി കണ്ടുപിടിച്ചാൽ തന്നെ മനുഷ്യരിൽ പ്രയോഗിക്കണമെങ്കിൽ നിരന്തര നിരീക്ഷണ പരീക്ഷണങ്ങൾ ആവശ്യമാണ്.അതിന്  18 മാസമോ അല്ലെങ്കിൽ അടുത്ത വർഷം വരെയോ  കാത്തിരിക്കേണ്ടി വരുമെന്ന് ശാസ്ത്രം പറയുന്നുണ്ട്. മാത്രവുമല്ല ജനിതക മാറ്റം സംഭവിച്ച് വാക്സിനെ മറികടന്നുകൊണ്ട് രോഗം വീണ്ടും വരാനും സാധ്യതയുണ്ട്. ഈ വൈറസിന് ശേഷം മറ്റൊരു മഹാമാരി വരാനുള്ള സാധ്യതയും ശാസ്ത്രജ്ഞർ തള്ളികളയുന്നില്ല. അപ്പോൾ ആ പ്രതിസന്ധികളെല്ലാം മറികടക്കാൻ പാകത്തിലുള്ള ലോക വീക്ഷണമാണ് രൂപപ്പെടേണ്ടത്. കോവിഡിന്റെ  പാഠമുൾക്കൊണ്ട് അതിനെ ചെറുക്കാനുള്ള നിയന്ത്രണങ്ങൾ ലോകം ആലോചിക്കുമ്പോഴാണ് അത്തരമൊരു ലോകവീക്ഷണം രൂപപ്പെടുക. യുദ്ധങ്ങളാകട്ടെ,  ദുരന്തങ്ങളാകട്ടെ അതിനെയെല്ലാം അതിജീവിച്ച ചരിത്രം ലോകത്തിനുണ്ട്. ലോകത്തെ സ്വാധീനിച്ച എല്ലാ ദുരന്തങ്ങളും ഒരു പുതു യുഗത്തിന്റെ ആരംഭമായിരുന്നു. ഈ മഹാമാരിക്ക് ശേഷവും പിറകൊള്ളുന്നത് അത്തരമൊരു ലോകമായിരിക്കും. നിയന്ത്രണങ്ങളുടെ ഒരു ലോകം.
                 2002 ൽ ചൈനയെ വിറപ്പിച്ച സാർസും  അതിന്റെ അമ്മാവനായ ഇപ്പോഴത്തെ കൊറോണയും  വുഹാൻ മാർക്കറ്റിൽ സുലഭമായ ഈനാംപേച്ചി യിലൂടെയാണ് മനുഷ്യരിലെത്തിയത് . വുഹാൻ ആകട്ടെ വന്യമായ ഭക്ഷണരീതി കൊണ്ട് പേര് കേട്ട നഗരവുമാണ്. അന്താരാഷ്ട്ര തലത്തിൽ തന്നെ ചൈനയുടെ ഈ ഭക്ഷണരീതി ഇപ്പോൾ കൂടുതൽ വിമർശിക്കപ്പെട്ടു കൊണ്ടിരിക്കുന്നു .അതുകൊണ്ടുതന്നെ വന്യമൃഗങ്ങളോടുള്ള മനുഷ്യന്റെ പെരുമാറ്റത്തിൽ കാര്യമായ മാറ്റം തന്നെ പ്രതീക്ഷിക്കാം. ഏതൊക്കെ ജീവികളെ ഭക്ഷിക്കാം ഏതിനെയൊക്കെ ഭക്ഷിക്കാൻ പാടില്ല എന്ന് രാജ്യാന്തരതലത്തിൽ തന്നെ നിയമങ്ങൾ വന്നേക്കാം.
                 ഇപ്പോൾ സാധാരണ ജനങ്ങളും ഭരണകൂടങ്ങളുമെല്ലാം ആരോഗ്യ മുന്നറിയിപ്പ് നൽകുന്ന ശാസ്ത്രജ്ഞന്മാരുടെ വാക്കുകൾ കാതോർക്കുകയും ഗൗരവമായി കാണുകയും  അതിനനുസൃതമായി നടപടികൾ എടുക്കാൻ അധികൃതർ ഉത്സാഹം കാണിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ പ്രകൃതിയെയും  കാലാവസ്ഥയെയും  സംബന്ധിച്ചുള്ളതടക്കം  മനുഷ്യരെയും ഭൂമിയേയും ബാധിക്കുന്ന എല്ലാ വിഷയങ്ങളിലുമുള്ള ശാസ്ത്ര മുന്നറിയിപ്പുകളെ ഗൗരവത്തിലെടുക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകും.
                 ഗോളാന്തര യാത്രകൾക്ക് ആരോഗ്യ സാക്ഷ്യം പത്രം വേണ്ടിവരും. യാത്രികർക്ക് കൂടുതൽ പരിശോധനകൾക്ക് വിധേയരാകേണ്ടി വരും. 45 മിനിറ്റിനുള്ളിൽ തന്നെ ഫലം അറിയാൻ സാധിക്കുന്ന എക്സ്പേർട്ട് സാർസ് കോവിഡ് ടെസ്റ്റ് നമ്മുടെ കേരളത്തിലും ആരംഭിച്ചിരിക്കുന്നു ഇതിനേക്കാൾ വേഗത്തിൽ ഫലം അറിയാൻ സാധിക്കുന്ന പല രൂപത്തിലുള്ള ടെസ്റ്റുകൾ ലോകമുടനീളം വ്യാപിക്കും. വിമാനത്താവളങ്ങൾ, തുറമുഖം തുടങ്ങി യാത്ര മേഖലകളിലെല്ലാം ഇത്തരത്തിൽ പരിശോധനകൾ ഉണ്ടാകും. രാഷ്ട്രീയ-സാമൂഹിക ഉന്നതരെ സന്ദർശിക്കണമെങ്കിൽ ഇത്തരം പരിശോധനകൾക്ക് നാം വിധേയരാകേണ്ടി വരും. 24 മണിക്കൂറും ശരീര താപ നിലയും ഹൃദയമിടിപ്പും അളക്കുന്ന ബയോമെട്രിക് ബ്രേസ്‌ലെറ്റ് നാം ധരിക്കേണ്ടിവരും. അതിനെത്തുടർന്ന് ലഭ്യമാകുന്ന ഡേറ്റുകൾ വിശകലനം ചെയ്യപ്പെടും.
                 ഏതു സമയത്തും ഒരു അടച്ചുപൂട്ടൽ പ്രതീക്ഷിക്കുന്ന വ്യാവസായിക മേഖല ഇന്റർനെറ്റ് അധിഷ്ഠിത മേഖലക്ക് പ്രാധാന്യം നൽകും. ഫാക്ടറികൾ പ്രത്യേകം സ്ഥാപിക്കാതെ തൊഴിലാളികൾക്ക് ജോലി ഷിഫ്റ്റ് ചെയ്തു നൽകി ഏകദേശ ജോലികളെല്ലാം കുടിൽ വ്യവസായം പോലെ വീടുകളിൽ നിന്നായി മാറും. മനുഷ്യർക്ക് വീടിനു പുറത്തിറങ്ങാൻ സാധിക്കാത്തതിനാൽ  റോബോട്ടുകൾ നിരത്തിലിറങ്ങും. മനുഷ്യന്റെ ജോലികൾ റോബോട്ടുകൾ ചെയ്യാൻ തുടങ്ങും. ഇസ്രായേൽ ചരിത്രകാരൻ യുവാൽ നോഹ ഹരാരിയുടെ  വാക്കുപയോഗിച്ചാൽ മനുഷ്യർ "ഉപയോഗശൂന്യരായി" മാറും.
                  ഇത്തരം മഹാമാരികളെ    ചെറുക്കാൻ ആദ്യമായി വേണ്ടത് ആഗോള ഏകീകരണമാണ്. സ്വയംപര്യാപ്തത നേടാൻ എല്ലാ രാജ്യങ്ങളും തീവ്രമായി പരിശ്രമിക്കുമെങ്കിലും ആഗോളീകരണം കൂടുതൽ ആണ്ടിറങ്ങുകയാണ് ചെയ്യുക. പരസ്പരാശ്രയത്വം കാരണം രാജ്യങ്ങളുടെ മെഡിക്കൽ വൈകല്യങ്ങൾ പരിഹരിക്കാൻ കൂട്ടായ്മകളുണ്ടാവും. ആരോഗ്യ സംവിധാനങ്ങൾ, ഭക്ഷ്യ, യാത്രാ നിയന്ത്രണങ്ങൾ തുടങ്ങീ എല്ലാ കാര്യങ്ങൾക്കും ആഗോളാടിസ്ഥാനത്തിൽ കേന്ദ്രീകരണം ഉണ്ടെങ്കിൽ മാത്രമേ അത് പ്രയോജനപ്രദമായി മാറുകയുള്ളൂ.. ആയതിനാൽ ആഗോള അനൈക്യം മറന്ന് ഐക്യദാർഢ്യമുള്ള ഒരു ആഗോള രാഷ്ട്രം എന്ന നിലയിലേക്ക് ലോകം മാറും. അതിന്റെ ഫലമായി ലോകമെമ്പാടുമുള്ള ഹെൽത്ത് ഡിപ്പാർട്ട്മെന്റുകൾ ഏകീകരിക്കപ്പെടും. വിവരങ്ങൾ അതാത് സമയത്ത് തന്നെ കൈമാറ്റം ചെയ്യപ്പെടും. ആഭ്യന്തര നിയമങ്ങൾക്ക് പുറമേ അന്താരാഷ്ട്ര നിയമങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം കൈവരും..
                  സ്വകാര്യതയിൽ നിന്ന് വേറിട്ടാണ് പൊതുജനാരോഗ്യത്തെ ഇന്ന് ലോകം ദർശിക്കുന്നത്. സ്വകാര്യത പണയം വെച്ച് ആരോഗ്യം വിലക്കുവാങ്ങുന്ന ഒരു സാഹചര്യത്തിലേക്ക് ഈ മനോഭാവം ലോകത്തെ കൊണ്ടെത്തിക്കും.ചൈനീസ് അധികാരികൾ കൊറോണയെ നിയന്ത്രണവിധേയമാക്കാൻ സ്മാർട്ഫോണുകൾ നിരന്തരം നിരീക്ഷിക്കുകയും ദശലക്ഷക്കണക്കിന് മുഖങ്ങൾ തിരിച്ചറിയാൻ സാധിക്കുന്ന ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിലൂടെ സംശയാസ്പദമായ കൊറോണ വൈറസ് വാഹകരെ തിരിച്ചറിയാനും അവരുടെ ചലനങ്ങളും അവർ ആരുമായി  ഇടപെടുന്നു എന്നല്ലാം ട്രാക്ക് ചെയ്യാനും ചൈനീസ് അധികാരികൾക്ക് സാധിച്ചിരുന്നു. ഇത് തുടരുകയാണെങ്കിൽ അധികാരികൾക്ക് വ്യക്തികളുടെ പ്രതിഷേധം അറിഞ്ഞ് മുളയിലെ നുള്ളിക്കളയാനും അതേസമയം വ്യക്തി താൽപര്യങ്ങളെ ചൂഷണം ചെയ്യാനും സാധിക്കും. ഇത്തരത്തിൽ സമൂഹത്തെ ഒരു കളിപ്പാവ ആക്കി മാറ്റാൻ ഗവൺമെന്റിന്  കഴിയുന്നതിലൂടെ ഏകാധിപത്യ പ്രവണത വളർന്നുവരും.

*സാമ്പത്തിക രംഗം* 
       നമ്മുടെ ജീവിതകാലത്ത് കാണാത്ത വേഗത്തിലും വ്യാപ്തിയിലുമാണിന്ന്  സാമ്പത്തിക സാമൂഹിക ഘടന മാറിമറിയുന്നത്. അതിന്റെ അനന്തരഫലങ്ങളാണെങ്കിലോ പ്രവചനാതീതവുമാണ്.  ക്വാറന്റൈന് ശേഷമുള്ള ഉയർത്തെഴുന്നേൽപ്പിൽ സമ്പത്ത് വ്യവസ്ഥ മുന്നോട്ടു കുതിക്കുമെന്ന പ്രതീക്ഷയാണ് ആർബിഐ ഗവർണർ ശക്തികാന്തദാസിനെ  പോലുള്ള സാമ്പത്തിക വിദഗ്ധർ മുന്നോട്ടുവെക്കുന്നുണ്ട്. വിനോദ മേഖലയും ടൂറിസ്റ്റ് മേഖലയും തകർച്ചയുടെ വക്കിലെത്തും. പേപ്പർ കറൻസികൾക്ക് പകരം ബിറ്റ്കോയിൻ പോലെയുള്ള ക്രിപ്റ്റോ കറൻസികൾ പ്രചുരപ്പ്രചാരം സിദ്ധിക്കും. ഓൺലൈൻ ഷോപ്പിങ്ങും ഓൺലൈൻ ബാങ്കിങ്ങും കൂടുതൽ വ്യാപകമാകും.
       അതേസമയം 1930-ലേക്കാൾ വലിയ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് ലോകം നീങ്ങുന്നതെന്ന് ഐ എം എഫും ലോക ബാങ്കും മുന്നറിയിപ്പ് നൽകുന്നു. സാധാരണ സാമ്പത്തികമാന്ദ്യങ്ങളിൽ സമ്പദ്ഘടനയുടെ ഏതെങ്കിലും മേഖലയിലുള്ള പ്രശ്നം മൂലം മൊത്തം സാമ്പത്തിക ഇടപാടുകൾ മന്ദഗതിയിലാവുകയാണ് ചെയ്യുക. ഇവിടെ പ്രശ്നമുള്ള മേഖല കണ്ടെത്തി ഉത്തേജന പദ്ധതികൾ പ്രഖ്യാപിക്കുകയാണ് പതിവ്. എന്നാൽ പൂർണമായും നിശ്ചലമായ സമ്പദ്ഘടനയിൽ ഇത് ഫലപ്രദമാവുകയില്ല. ലോക സമ്പദ്ഘടനയുടെ മൂർദ്ധാവ്വായ അമേരിക്കയിൽ കോവിഡിന് പിറകെ പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ 4.8 ശതമാനം ഇടിവ് സംഭവിക്കുകയുണ്ടായി. 26  ദശലക്ഷത്തിലേറെ പേർക്ക് തൊഴിൽ നഷ്ടപ്പെടുകയുണ്ടായി. 90 ഓളം  രാജ്യങ്ങൾ ഇപ്പോൾതന്നെ ഐഎംഎഫ് നോട് അടിയന്തര സഹായം  ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഐഎംഎഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ വെളിപ്പെടുത്തുന്നു. ഉൽപാദന വ്യവസ്ഥ പൂർണമായും നിലച്ച ഈ അവസ്ഥയിൽ സംഭരണം നിലച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഭയാനകമായിരിക്കും.വലിയതോതിലുള്ള സാമ്പത്തിക ഉത്തേജന പാക്കേജുകൾ കൊണ്ടുവരികയും ആഗോള സഹകരണം ഉറപ്പുവരുത്തുകയും ചെയ്യലാണ് ഇതിനെതിരെയുള്ള പ്രതിരോധമാർഗം..
                              
                        
                        

Comments

Popular posts from this blog

ഇ. കെ ഹസൻ മുസ്‌ലിയാർ

മുത്ത് നബി ;നവോത്ഥാന നായകൻ