ഇ. കെ ഹസൻ മുസ്‌ലിയാർ
സുന്നി കൈരളിയുടെ മനസ്സകങ്ങളിൽ വിശ്വാസദാർഢ്യതയുടെ നിറവാർന്ന ചിത്രവും ചരിത്രവും കൊത്തിവെച്ച ചരിത്രപുരുഷനാണ് ഇ.കെ ഹസ്സൻ മുസ്ലിയാർ. 1926 ൽ ജനിച്ച്
ഇസ്ലാമിന്റെ ശത്രുക്കളെ നിലംപരിശാക്കി 1982 ആഗസ്റ്റ് 14ന് (ശവ്വാൽ 25ന്) ഈ
മഹാമനീഷി കാലയവനികയിൽ മറഞ്ഞപ്പോൾ
ആദർശ കേരള ചരിത്രത്തിൽ സ്വർണ്ണലിപികളാൽ ഉല്ലേഖനം ചെയ്യപ്പെട്ട ഒരു അധ്യായം അവസാനിക്കുകയായിരുന്നു.
വാദപ്രതിവാദ വേദികളിലും
ഖണ്ഡന വേദികളിലും അവർ കൊടുങ്കാറ്റ് സൃഷ്ടിച്ചു. ഒരു കുറിപ്പ് പോലും ഉപയോഗിക്കാതെയായിരുന്നു അവർ വേദികളിൽ നിറഞ്ഞാടിയത്. തന്റെ അഗാധമായ ജ്ഞാനവും ഓർമശക്തിയും പ്രായോഗിക ബുദ്ധിയും ഉപയോഗിച്ച് മറുപക്ഷത്തെ മഹാനവർകൾ നിർവീര്യമാക്കി.
സംവാദങ്ങളും പ്രഭാഷണങ്ങളും കൊണ്ട് തിരക്കുപിടിച്ച, ആദർശ പാതയിൽ സുന്നികൾക്ക് എന്നെന്നും മാതൃകയായ ആ ത്യാഗി വര്യന്റെ ചില വാദപ്രതിവാദങ്ങൾ ഞാനിവിടെ കുറിക്കട്ടെ....
"പകലിന്റെ രണ്ടു ഭാഗങ്ങളിലും രാത്രിയുടെ നിശ്ചിത സമയങ്ങളിലും നിങ്ങൾ നിസ്കാരം നിലനിർത്തുക "എന്ന സൂക്തം കൂട്ടുപിടിച്ച് നിസ്കാരം മൂന്നുനേരമാണെന്ന് ചേകന്നൂർ മൗലവി വാദിച്ചപ്പോൾ ചെറുവാടിയിൽ അതേ സൂക്തം കൊണ്ടുതന്നെ ശൈഖുനാ
നിസ്കാരം അഞ്ചുനേരമാണെന്ന് സമർത്ഥിച്ചു. ഉദയത്തിനു മുമ്പാണ് സ്വുബഹ്, അസ്തമയത്തിനു ശേഷമാണ് മഗ്‌രിബ് എന്നതിനാൽ പകലിൻ്റെ രണ്ട് ഭാഗങ്ങൾ ളുഹ്റും അസ്വറുമാണ്. രാത്രിയിലെ നിശ്ചിത സമയങ്ങൾക്ക് വിശുദ്ധ ഖുർആൻ പ്രയോഗിച്ചത് സുലഫ്" എന്നാണ്. അത് ബഹുവചനമാണ് . ബഹു വചനത്തിന് ചുരുങ്ങിയത് മൂന്ന് എണ്ണം വേണം. അപ്പോൾ ആ മൂന്ന് നേരം സുബഹിയും മഗ്‌രിബും ഇശാഉം ആണ്. ശൈഖുനയുടെ പഴുതില്ലാത്ത വാദത്തിനു മുമ്പിൽ മൗലവി ചൂളിപ്പോയി.
തവസ്സുൽ ഇസ്തിഗാസ സംബന്ധിച്ചു നടന്ന ഒരു സംവാദത്തിനിടയിൽ ഒരു മൗലവി ഔലിയാക്കളുടെ കറാമത്തിനെ പരിഹസിച്ചുകൊണ്ട് പ്രഖ്യാപിച്ചു: മുഹിയുദ്ധീൻ ശൈഖിന് കഴിവുണ്ടെങ്കിൽ ഈ സ്റ്റേജ് തകർന്നു വീഴട്ടെ . ഹസ്സൻ മുസ്ലിയാർ അതേ നാണയത്തിൽ തിരിച്ചടിച്ചു കൊണ്ട് പറഞ്ഞു: അല്ലാഹുവിന് കഴിവുണ്ടെങ്കിൽ ഈ സ്റ്റേജ് പൊളിഞ്ഞു വീഴട്ടെ... ഇരുട്ടടിയേറ്റ് അന്തിച്ചു നിൽക്കുന്ന മൗലവിയെ ഒരു നിമിഷത്തിനു ശേഷം സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു : അല്ലാഹുവിനും മുഹിയുദ്ദീൻ ശൈഖിനും നിങ്ങളുടെ പന്തൽ പൊളിക്കുന്ന പണിയല്ലമൗലവീ...
മുളച്ചുപൊന്തുന്നതിനു മുഴുവനും സക്കാത്ത് ഉണ്ടെന്ന് ചേകന്നൂർ വാദിച്ചപ്പോൾ "എങ്കിൽ താടിക്ക് സകാത്തുണ്ടോ മൗലവി" എന്ന് ഹസൻ മുസ്‌ലിയാർ തിരിച്ചുചോദിച്ചു.
അല്പം കഴിഞ്ഞ് പുതിയ വാദവുമായി ചേകന്നൂർ തുടർന്നു: 'നൽകിയതിൽ നിന്ന് നിങ്ങൾ ചെലവഴിക്കുക, നൽകിയതെന്തോ അതിൽ നിന്നെല്ലാം ചെലവഴിക്കണം അതിനാൽ ഏതിനും സകാത് കൊടുക്കണം' ഇങ്ങനെ എല്ലാത്തിനും സക്കാത്തുണ്ടെന്ന് സമർത്ഥിക്കാൻ ശ്രമിക്കവേ....
ഹസ്സൻ മുസ്ലിയാർ ചോദിച്ചു: മൗലവി ചെലവഴിക്കണമെന്നല്ലേ അള്ളാഹു പറഞ്ഞത്, ഞങ്ങൾ ചെലവഴിക്കുന്നുണ്ട്. ചെലവഴിക്കുക എന്നതിന് സകാത്തു കൊടുക്കുക എന്ന് മാത്രമാണോ അർത്ഥം?, ഏത് ഗ്രന്ഥത്തിലാണി തുള്ളത്??
വെപ്രാളം പുറത്തറിയിക്കാതെ മൗലവി പറഞ്ഞു : മുസ്ലിയാരെ ആ ആയത്ത് തെളിവിനു പറ്റില്ലെങ്കിൽ അത് ഒഴിവാക്കി കൊള്ളൂ. വേറെ ആയത്തോതാം' മൗലവി പറഞ്ഞു തീരും മുൻപേ മുസ്‌ലിയാർ തൊടുത്തുവിട്ടു : "മൗലവീ, നിങ്ങൾ ഓതിയ ആയത്ത് തെളിവിനു പറ്റില്ലെങ്കിൽ ഒഴിവാക്കേണ്ടത് ഞാനാണോ നിങ്ങൾ തന്നെ ഒഴിവാക്കൂ" ഇതുകൂടി ആയപ്പോൾ മൗലവി ആകെ തളർന്നുപോയി .
കൂരിക്കുഴിയിൽ സത്യത്തിന്റെ ശത്രുക്കൾക്കെതിരെ നേരം പുലരുംവരെ ഒറ്റയിരിപ്പിൽ പ്രസംഗിച്ച് അദ്ദേഹം എതിരാളികളെ പോലും സ്തംബ്ധരാക്കി.
കീഴു പറമ്പിൽ തോറ്റമ്പിയ മറുപക്ഷം സ്റ്റേജിൽ നിന്ന് വിളക്കെടുക്കാതെ ഇരുട്ടിൽ സ്ഥലംവിട്ടു.
തിരക്കുപിടിച്ച ജീവിതത്തിനിടയിലും ആരാധനകൾക്ക് ഭംഗം വരുത്താതെ ഭംഗം വരുത്താൻ ലളിത ജീവിതം നയിച്ച സുന്നി പ്രസ്ഥാനത്തിന് ഔന്നിത്യം നേടിത്തന്ന മഹാനവർകളുടെ ജീവിതം മാതൃകയാക്കാനും ആ പാതയിൽ ജീവിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ..... ആമീൻ....
Comments
Post a Comment