തിരു ഹബീബ്;സ്നേഹിക്കപ്പെടുന്നതെന്ത് കൊണ്ട് ?

സ്നേഹം  ജീവികൾക്കിടയിൽ സാധാരണമാണ് .സ്നേഹിക്കാനും  സ്നേഹിക്കപ്പെടാനും  ഓരോ ജീവിയും ആഗ്രഹിച്ചു കൊണ്ടേയിരിക്കുന്നു . തന്റെ അഭിരുചിയോട് ഒരു വസ്തുവോ അല്ലെങ്കിൽ ഒരു വ്യക്തിയോ ഔചിത്യം പുലർത്തുന്നത്  മൂലം അവന് ആ വസ്തുവിനോട് അല്ലെങ്കിൽ  ആ വ്യക്തിയോട് തോന്നുന്ന പ്രതിപത്തിയാണ്  സ്നേഹം . മുറ്റത്ത് വിരിഞ്ഞിരിക്കുന്ന  പൂക്കളെയും വർണ്ണശഭലിതങ്ങളെയും  പക്ഷികളെയും  നാം സ്നേഹിക്കുന്നതും  നമ്മുടെ മാതാപിതാക്കളെയും സഹോദരന്മാരെയും സ്നേഹിക്കുന്നതും വലിയ മഹാൻമാരെ സ്നേഹിക്കുന്നതും  വ്യത്യസ്തങ്ങളായ കാരണങ്ങൾ കൊണ്ടാണ്.
ഇത്തരത്തിൽ സ്നേഹിക്കാനുള്ള ഏത് ഘടകങ്ങൾ എടുത്തു നോക്കിയാലും അതിൽ  ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെടാൻ അർഹൻ മുത്ത് നബി(സ്വ)ആണെന്ന്  കാണാൻ കഴിയും. ഒരു വ്യക്തി മറ്റൊരു വ്യക്തിയെ സ്നേഹിക്കുന്നത്  പ്രധാനമായും മൂന്ന് ഘടകങ്ങൾ കൊണ്ടാണ്.
        ഒരു വ്യക്തി അവന്റെ പഞ്ചേന്ദ്രിയങ്ങൾക്ക് ഏറ്റവും ആകർഷണീയമായത് കൊണ്ട് അവന് ആസ്വാദനമുണ്ടാവുക  എന്നതാണ് ഇതിൽ ഒന്നാമത്തേത്. സൗന്ദര്യമാണിതിനടിസ്ഥാനം. സുന്ദര രൂപങ്ങളോടും  സുഗന്ധങ്ങളോടും മധുരിതമായ ശബ്ദങ്ങളോടും   രുചികരമായ ആഹാരപാനീയങ്ങളോടും  മനുഷ്യൻ സ്നേഹം പ്രകടിപ്പിക്കുന്നത് ഇക്കാരണത്താലാണ്. സൗന്ദര്യ ആസ്വാദനത്തിനും  സൗന്ദര്യമത്സരത്തിന്റെ പേരിലും കോടികൾ മുടക്കുന്ന കാലമാണിത് .എന്നാൽ പ്രപഞ്ചത്തിലെ ഏറ്റവും വലിയ സൗന്ദര്യവാൻ പ്രവാചകൻ (സ്വ)ആണ്. മുത്ത് നബിയെ നിഴൽ പോലെ പിന്തുടർന്ന അബൂഹുറൈറ(റ) പറയുന്നു : അല്ലാഹുവിന്റെ റസൂലിനെകാൾ സൗന്ദര്യമുള്ള ഒരാളെയും ഞാൻ കണ്ടിട്ടില്ല അവിടുത്തെ സൗന്ദര്യാധിക്കം  മൂല്യം മുഖത്ത് സൂര്യൻ ചലിക്കുന്നത് പോലെ കാണാമായിരുന്നു. റബയ്യി (റ)നോട് തിരു സൗന്ദര്യത്തെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ പറഞ്ഞത് നീ ആ മുഖം കണ്ടാൽ അതൊരു പൂർണ സൂര്യനാണെന്ന് നീ വിചാരിക്കും. സൂര്യന്റെ ചെറിയൊരു ഭാഗത്തിന്റെ അംശം പോലും കാണാൻ മനുഷ്യ കണ്ണുകൾക്ക് സാധ്യമല്ലെന്നിരിക്കെ തിരു ഹബീബിന്റെ സൗന്ദര്യം എങ്ങനെയാണ് ദർശിക്കാനാവുക?  അവിടുത്തെ സുഗന്ധം മൂലം വളരെ ദൂരെനിന്നു തന്നെ അനുചരർക്ക്‌ ഹബീബിന്റെ വരവ് അറിയാമായിരുന്നു. അവിടുത്തെ വിയർപ്പും ഉമിനീരും അമൂല്യ സുഗന്ധവസ്തുക്കൾ ആയിരുന്നു.
        ഒരു വ്യക്തിയുടെ ആന്തരിക ഗുണങ്ങളും  പെരുമാറ്റവും അനുകരണീയമാവുക  വഴി ആന്തരികാവയവങ്ങളിലൂടെയുള്ള ഗ്രഹണാസ്വാദനം ആണ് ഇതിൽ രണ്ടാമത്തേത്. പണ്ഡിതന്മാർ, സജ്ജനങ്ങൾ എന്നിവരെയെല്ലാം നാം സ്നേഹിക്കുന്നത് ഈ വഴിക്കാണ്. തിരു ഹബീബ് പൂർണ്ണതയിൽ ഉള്ളവരായിരുന്നു. ഏതൊരു വ്യക്തിക്കും ഏതു വിഷയത്തിലും അനുകരിക്കാൻ പറ്റിയ ഒരാൾ പ്രപഞ്ചത്തിൽ ഉണ്ടായിട്ടുണ്ടെങ്കിൽ അത് തിരു ഹബീബ് മാത്രമാണ്. ഒരു അധ്യാപകന്  ഏറ്റവും നല്ല അധ്യാപകനെയും ഒരു ഭരണ കർത്താവിന് ഒരു നല്ല ഭരണകർത്താവിനെയും അതേസമയം ഒരു കുടുംബനാഥന് മികച്ച ഒരു കുടുംബനാഥനെയും  നബി(സ)തങ്ങളിൽ  കാണാൻ കഴിയും. തിരു  റസൂൽ വിശ്വാസികൾക്ക് അഭയവും ആശ്വാസ കേന്ദ്രവുമാണ്. എല്ലാവരെയും അവിടുന്ന് സ്നേഹിച്ചു. സഹനം, ക്ഷമ, സത്യസന്ധത, വിശ്വസ്തത തുടങ്ങി സൽ സ്വഭാവങ്ങളുടെ കേദാരമായിരുന്നു തിരു റസൂൽ. 
        മൂന്ന് :തനിക്ക് ഉപകാരവും ഗുണവും ചെയ്യുന്നവരോട് ഉണ്ടാകുന്ന പ്രത്യേക പ്രതി പത്തിയാണിത്. ഇത് പ്രകൃതി സഹജമാണ്. നമുക്ക് ഉപകാരം ചെയ്യുന്ന ഒരാളെ നമുക്ക് സ്നേഹിക്കാതിരിക്കാൻ കഴിയില്ല. എന്നാൽ ഈ നിലയിൽ മനുഷ്യവർഗ്ഗത്തിന് ഏറ്റവും ഗുണം ചെയ്തത് തിരു ഹബീബ് ആണ്. അന്ധകാരത്തിൽ മുങ്ങിക്കുളിച്ച  മനുഷ്യസമൂഹത്തെ അവർ പുരോഗതിയിലേക്കു നയിച്ചു. അവരെ സംസ്കാര സമ്പന്നരാക്കി. നവോത്ഥാനത്തിന് വെട്ടം നൽകി. സകല വിശ്വാസികളെയും അന്ധതയിൽ നിന്ന് രക്ഷിച്ചു  മാർഗ്ഗദർശനം നൽകി. സ്വർഗ്ഗത്തിന്റെ ആരാമത്തിലേക്ക് അവരെ ക്ഷണിച്ചു. നാളെ മഹ്ശറയിൽ, പൊള്ളുന്ന ചൂടിൽ നിൽക്കേണ്ടി വരുന്ന സമയത്ത് രക്ഷകനായി എത്തുന്നതും ഹബീബ് ആണ്. ഖബറിന്റെ ഒറ്റപ്പെടലിൽ തുണയായി എത്തുന്നതും ദാഹം മൂത്ത് വലയുമ്പോൾ ഹൗളുൽ കൗൺസിൽ നിന്ന് പാനം ചെയ്യിപ്പിക്കുന്നതും ഹബീബ് തന്നെ.
        ചുരുക്കത്തിൽ ഏത് നിലയിൽ നിന്നു നോക്കിയാലും, ഏതവസ്ഥയിൽ കാണുകയാണെങ്കിലും സ്നേഹിക്കപ്പെടാൻ ഈ ലോകത്ത് ഏറ്റവും അർഹൻ തിരു ഹബീബ് മുസ്തഫ (സ്വ)തങ്ങളാണ്. സ്നേഹത്തിന്റെ ഈ മൂന്നു കാരണങ്ങളും സൃഷ്ടികളിൽ നിന്ന് ഒരാളിൽ സംഭവിക്കുക എന്നത് അത്യപൂർവ്വവും  അസാധാരണവുമാ ണ്. അതുകൊണ്ടുതന്നെ ഈ ലോകത്ത് ഓരോ സമയത്തും കീർത്തിക്കപ്പെടുന്നവരും ഏറ്റവും സ്നേഹിക്കപ്പെടുന്നവരുമായി തിരു ഹബീബ് മാറിയതിൽ ഏറെയൊന്നും അത്ഭുതപ്പെടാനില്ല.
        പക്ഷേ ഒരു മുസ്ലിം മുഹമ്മദ് നബി(സ്വ) തങ്ങളെ സ്നേഹിക്കുന്നത് ഇക്കാരണങ്ങൾ കൊണ്ടൊന്നുമല്ല. ഒരു മുസ്ലിമിന്റെ വിശ്വാസം സാക്ഷാത്കാരം നേടണമെന്നുണ്ടെങ്കിൽ  മറ്റെല്ലാ കാര്യത്തേക്കാളും ഹബീബിനെ സ്നേഹിക്കേണ്ടതുണ്ട്. ഈ സ്നേഹം കൂടാതെ ഒരു മുസ്ലിമിന്റെ വിശ്വാസവും ശരിയാവുകയില്ല. ഒരിക്കൽ ഉമർ(റ)മുത്ത് നബിയോട് പറഞ്ഞു : നബിയെ എന്റെ ശരീരം കഴിഞ്ഞാൽ ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് അങ്ങയെ ആണ്. അപ്പോൾ നബി തങ്ങൾ പറഞ്ഞു :തന്റെ ശരീരത്തെക്കാളും മാതാപിതാക്കളേക്കാളും അല്ലാഹുവിനെയും അവന്റെ റസൂലിനെയും സ്നേഹിക്കുന്നത് വരെ ഒരാളും വിശ്വാസിയാവുകയില്ല. ഇത് കേട്ട ഉമർ (റ) പ്രതികരിച്ചു : നബിയെ തീർച്ചയായും എന്റെ ശരീരത്തെക്കാളും  ഇപ്പോൾ ഞാൻ അങ്ങയെ സ്നേഹിക്കുന്നുണ്ട്..
         
    

Comments

Post a Comment

Popular posts from this blog

കോവിഡാനന്തരം; നിയന്ത്രണങ്ങളുടെ ഒരു ലോകം പിറക്കുകയാണ്

ഇ. കെ ഹസൻ മുസ്‌ലിയാർ

മുത്ത് നബി ;നവോത്ഥാന നായകൻ