പ്രകൃതിയെ വീണ്ടെടുക്കാം

പ്രകൃതിയെ വീണ്ടെടുക്കാം


          മനുഷ്യന്  ജീവിക്കാൻ ഉപയുക്തമായ ആവാസവ്യവസ്ഥയെ പ്രധാനം ചെയ്യുന്നത് അതാത് കാലാവസ്ഥകളാണ്. ഓരോ ജീവനും തനതായ കാലാവസ്ഥയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. പ്രകൃതിതന്നെ രൂപംകൊള്ളുന്നത് കാലാവസ്ഥയുടെ ഗതി അനുസരിച്ചാണ്. സമൃദ്ധമായ വെള്ളവും വായുവും മരങ്ങളും ജീവികളുമെല്ലാം കാലാവസ്ഥയെ രൂപപ്പെടുത്തുന്നതിൽ അഭേദ്യമായ പങ്കുവഹിക്കുന്നുണ്ട് .പക്ഷേ ഇന്ന് കാര്യങ്ങളെല്ലാം കീഴ്മേൽ മറിഞ്ഞിരിക്കുന്നു. പരിസ്ഥിതി നയങ്ങൾ ശബ്ദകോശങ്ങളായി മാത്രം രൂപാന്തരം പ്രാപിച്ചിരിക്കുന്നു. മനുഷ്യന്റെ വികസന കാഴ്ചപ്പാടുകൾ പ്രകൃതിയുടെ ഉന്മൂലനത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ആധുനികതയുടെ തലതിരിഞ്ഞ വികസന ചിന്തകൾ എന്തെല്ലാം നാശങ്ങളാണ് നമുക്ക് സമ്മാനിച്ചത്? ശുദ്ധമായ വായു നമുക്ക് നിഷേധിക്കപ്പെട്ടു. സമീകൃതമായ ആഹാരം നമുക്ക് നഷ്ടപ്പെട്ടു. തൽസ്ഥാനത്ത് വിട്ടൊഴിയാത്ത രോഗങ്ങൾ നമ്മെ പിടികൂടി. കോളറയും ക്യാൻസറും കരൾ രോഗങ്ങളും നമ്മുടെ സഹചാരികളായി മാറിയിരിക്കുന്നു. ദുരന്തം വിതയ്ക്കുന്ന പ്രളയവും അതിനുശേഷം വരൾച്ചയും സാധാരണമായിരിക്കുന്നു. പരിസ്ഥിതിയുടെ പുതിയ മുഖത്തെ ഇങ്ങനെയല്ലാതെ നമുക്ക് വായിച്ചെടുക്കാൻ കഴിയുന്നില്ല.! സമൂലമായ അഴിച്ചുപണി ഇവിടെ പ്രധാനമായിരിക്കുന്നു. കൃത്യമായ പാരിസ്ഥിതിക നയങ്ങൾ അനിവാര്യമായിരിക്കുന്നു.

         

           കഴിഞ്ഞവർഷത്തെ നൂറ്റാണ്ടിലെ പ്രളയം, ആഗോളതാപനം മൂലമുണ്ടായ കാലാവസ്ഥ വ്യതിയാനമായിരുന്നു വില്ലൻ. കാർബൺ ഡൈ ഓക്സൈഡ് ഉൾപ്പടെയുള്ള ഹരിതഗൃഹവാതകങ്ങളുടെ ആധിക്യമാണ് ആഗോളതാപനത്തിന് വഴിയൊരുക്കുന്നത്. എന്തൊക്കെയാണിതിന്റെ അനന്തരഫലങ്ങൾ? ഭൂമിയിൽ ക്രമാനുഗതമായി ചൂട് വർദ്ധിക്കുന്നു. താപ തുലനാവസ്ഥ നഷ്ടപ്പെടുന്നു. മനുഷ്യന്റെ ആരോഗ്യരംഗം ഭീഷണി നേരിടുന്നു. ജല പ്രളയത്തിന് സാധ്യതയേറുന്നു. ധ്രുവപ്രദേശങ്ങളിൽ മഞ്ഞുരുകുന്നു. രാഷ്ട്രീയ-സാമ്പത്തിക സുരക്ഷിതത്വത്തിന് ആഘാതം സൃഷ്ടിക്കുന്നു. ഇവിടെ കാരണക്കാർ മനുഷ്യൻ മാത്രമാണ് അവന്റെ വികസന ചിന്താ പദ്ധതികളാണ്. പ്രകൃതി സംരക്ഷണത്തോടെ ഉള്ള വ്യക്തമായ അലംഭാവമാണ്   

        ഇന്ന് അന്തരീക്ഷം മലിനീകരണങ്ങളാൽ സമൃദ്ധമാണ്. 2017 ൽ 12. 4 ലക്ഷം ജീവനുകളെയാണ് അന്തരീക്ഷ മലിനീകരണം അപഹരിച്ചത്. ലോകത്തിലെ ഏറ്റവും കൂടുതൽ മലിനീകരണം സംഭവിക്കുന്ന 15 നഗരങ്ങളിൽ 14ഉം ഇന്ത്യയിൽ ആണെന്ന വസ്തുത നമുക്ക് വിസ്മരിക്കാനാവില്ല. ജപ്പാനിലെ സമൃദ്ധമായ ഓക്സിജൻ പാർലറുകൾ ഒരു കാലത്ത് ഇന്ത്യയിലും വ്യാപകമാക്കില്ലെന്ന് ആരു കണ്ടു.

          കേരളത്തെ പിടിമുറുക്കുന്ന കോളറ, ടൈഫോയ്ഡ്, അതിസാരവുമെല്ലാം ഈ വെള്ളമാണ് നമുക്ക് സമ്മാനിച്ചത്. ജലജന്യരോഗങ്ങൾ ഓരോ വർഷം ലക്ഷക്കണക്കിന് ജീവനുകളാണ് അപഹരിക്കുന്നത്. വ്യാവസായിക ലോകം ഉൽപ്പാദിപ്പിച്ച ഇലക്ട്രിക് മാലിന്യങ്ങൾ മണ്ണിന്റെ സ്ഥിരതയെ നഷ്ടപ്പെടുത്തി. മണ്ണിനെ വെറുമൊരു ചരക്കാക്കി കാണുന്ന അവസ്ഥ സംജാതമായിരിക്കുന്നു. സമ്പന്നമായ വനങ്ങളാണ് കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്നത്. സ്വതാൽപര്യങ്ങളുടെ പ്രഭവകേന്ദ്രമായി വനങ്ങൾ ചൂഷണം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. ഓരോ മണിക്കൂറിലും ഒന്നരയേക്കർ വനപ്രദേശം  നശിപ്പിക്കപ്പെടുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. വനങ്ങൾ വെട്ടിത്തെളിച്ച് റിസോർട്ടുകൾ ഉയർന്നുവരുന്നു. തടാകങ്ങളും വയലേലകളും മണ്ണിട്ടുനികത്തി ആഡംബര ചുംബികകൾ നിർമ്മിക്കപ്പെടുന്നു.  എവിടെയാണ് നമുക്ക് പിഴച്ചത്? 

പുഴയും തോടും വറ്റിവരളുന്നു. മണൽ കുന്നുകൾ ഊറ്റപ്പെടുന്നു. മരങ്ങൾ വെട്ടി നശിപ്പിക്കപ്പെടുന്നു. ചൂട് താങ്ങാനാകാത്ത വിധം ആഗോളതാപനം നമ്മെ വരിഞ്ഞു മുറുക്കുമ്പോൾ അതിനെന്ത് പരിഹാരമാണ് നാം ചെയ്യുന്നത്?. ഹരിതഗൃഹവാതകങ്ങളെ ആഗിരണം ചെയ്യുന്ന മരങ്ങൾ അപകട ഭീഷണിയാണെന്ന് പറഞ്ഞ് വെട്ടി മാറ്റുന്നു. അതിനൊരു താങ്ങ് കൊടുക്കുവാനോ അല്ലെങ്കിൽ മറ്റൊരു സ്ഥലത്തേക്ക് പറിച്ചുനടാനോ നാം തയ്യാറല്ല. ഇലക്ട്രോണിക്  മാലിന്യങ്ങളും ജൈവവും അജൈവവുമായ മാലിന്യങ്ങളും യാതൊരു ഭീതിയും കൂടാതെ നാം പുറന്തള്ളുന്നു.സാങ്കേതിക വിദ്യയിലും മറ്റും ജപ്പാനെ പോലുള്ള രാജ്യങ്ങളെ പിന്തുടരുന്ന നമുക്ക് മാലിന്യ സംസ്കരണ മാർഗത്തിലും  അവരെ പിന്തുടർന്ന് കൂടേ...

          ഇവിടെ തിരിച്ചറിവ്‌ അനിവാര്യമായിരിക്കുന്നു. വികസനപദ്ധതി കൾ പ്രകൃതിയെക്കൂടി ഉൾകൊള്ളിച്ചുള്ളതായിരിക്കണം. മാലിന്യങ്ങളെ വെറും മാലിന്യങ്ങൾ മാത്രമായി കാണാതെ അവയെ കൃത്യമായി ഉപയോഗിക്കാൻ ആകണം.  അവയിൽ നിന്ന് ഊർജ്ജം നിർമ്മിക്കാനുള്ള കണ്ടെത്തൽ പ്രയോഗവത്കരണത്തിൽ  കൊണ്ടുവരാൻ നമുക്ക് കഴിയണം. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് ബദൽ കൊണ്ടുവരാൻ പഠനങ്ങൾ നടക്കണം. നമ്മുടെ ഭൂമിയിൽ ജീവൻ സാധ്യമാകണമെങ്കിൽ ഇത് അനിവാര്യമാണ്. നമ്മുടെ ഭൂമിയുടെ ജീവനുവേണ്ടി നമുക്ക് മുന്നോട്ട് പോകാം......

 


Comments

Popular posts from this blog

കോവിഡാനന്തരം; നിയന്ത്രണങ്ങളുടെ ഒരു ലോകം പിറക്കുകയാണ്

ഇ. കെ ഹസൻ മുസ്‌ലിയാർ

മുത്ത് നബി ;നവോത്ഥാന നായകൻ