രാഷ്ട്ര നിർമ്മിതിയിലെ മുസ്ലിം പങ്ക്


 

                  

       1948-ൽ വാസ്കോഡഗാമ കാപ്പാട് കപ്പലിറങ്ങിയത് മുതൽ  വൈദേശിക ശക്തികളെ ഇന്ത്യയിൽനിന്ന് തുരത്തുന്നതു വരെ അവിരാമം നടത്തിയ ചോരയിൽ ചാലിച്ച പോരാട്ട ചരിത്രമാണ് ഇന്ത്യയിലെ മുസ്ലിം സമൂഹത്തിനുള്ളത്. നൈസാമുമാരും, അസഫുമൗലമാരും മറാത്തികളും തിരുവിതാംകൂർ രാജാക്കന്മാരും അധിനിവേശ ശക്തികളോട് സമരസപ്പെട്ടു പോകാൻ തീരുമാനിച്ചപ്പോൾ സാമൂതിരിയുടെ പിന്തുണയോടെ കുഞ്ഞാലിമരക്കാരുടെ നേതൃത്വത്തിൽ മാപ്പിള മുസ്‌ലിംകളും ടിപ്പുസുല്ത്താനും മരണം വരെ പടപൊരുതുക യായിരുന്നു. 

        മഖ്ദൂം തങ്ങൾ രചിച്ച “തഹ്‌രീള്” എന്ന കാവ്യവും മമ്പുറം തങ്ങളുടെ “സൈഫുൽ ബത്താർ" എന്ന ഫത്‌വകളുമെല്ലാം അവർക്ക് ആവേശം നൽകി. സ്വാതന്ത്ര്യത്തിനുശേഷം പതിറ്റാണ്ടുകാലം പോർച്ചുഗീസ് അധീനതയിൽ കഴിഞ്ഞ ഗോവ നമ്മോട് വിളിച്ചു പറയുന്ന ചില സത്യങ്ങളുണ്ട്. പശ്ചാത്ത്യൻ സംസ്കാരമാണ് അവിടെ നിലനിൽക്കുന്നത്. അതിന്റെ അശ്ലീലതകളാണ് അവിടെ നിറഞ്ഞാടുന്നത് എന്താണ് കാരണം? ഗാമ കപ്പലിറങ്ങിയത് ഗോവയിലാണോ?അല്ല  അവർ ലക്ഷ്യം വച്ചത് ഗോവയെ ആണോ? അതുമല്ല. പിന്നെന്ത്? കേരളത്തെ പ്രിയം വെച്ച്, കേരളതീരത്ത് കപ്പലിറങ്ങി, കേരളത്തെ മുച്ചൂടും നശിപ്പിക്കാൻ തുനിഞ്ഞിറങ്ങിയ പോർച്ചുഗീസുകാർക്കെതിരെ കേരളം ചെറുത്തുനിന്നു. കുഞ്ഞാലിമരക്കാർക്ക് മുൻപിൽ, മാപ്പിളമാരുടെ ആത്മ വീരത്തിന് മുൻപിൽ, ഹിന്ദു മുസ്ലിം ഐക്യത്തിനു മുമ്പിൽ പിടിച്ചു നിൽക്കാൻ അവർക്കായില്ല.

        1792 മെയ് മാസത്തിൽ ബ്രിട്ടീഷ് ശക്തികൾക്കെതിരെ ആദ്യമായി മാപ്പിള പോരാട്ടം ആരംഭിക്കുന്നത് മമ്പുറം തങ്ങളുടെ നേതൃത്വത്തിലാണ്. ദേശീയ പ്രസ്ഥാനം നികുതി നിഷേധം ഒരു സമരായുധമായി പ്രയോഗിക്കുന്നതിന് 100 വർഷം മുമ്പ് പടച്ചോന്റെ ഭൂമിക്ക് വിദേശികൾക്ക് നികുതി തരില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച ഉമർ ഖാളിയുണ്ട് ഈ കേരളനാട്ടിൽ. “വെള്ള പരിശകളെ പടക്ക് വെന്നതാണെങ്കിൽ വെക്കടാ വെടി" എന്ന വെള്ളക്കാരന്റെ തോക്കിനു മുമ്പിൽ നെഞ്ചുവിരിച്ച് വീരവാദം മുഴക്കിയ ഹുസൈന്റെ കഥ പറയുന്നുണ്ട് ചേരൂർ പടയോട്ടം. പഴശ്ശി രാജാവിനൊപ്പം അടരാടി പടക്കളത്തിൽ രക്തസാക്ഷിയായ ധീര ദേശാഭിമാനിയാണ് പുതുശ്ശേരി ഉണ്ണി മൂസ മൂപ്പൻ. ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം നയിച്ചത് കാരണം വീടും സ്വത്തും പിടിച്ചടക്കി ഇല്ല തോൽപ്പിക്കാനാവില്ലെന്ന് കണ്ടപ്പോൾ ബ്രിട്ടീഷുകാർ ഉണ്ണി മൂസയോട് പറഞ്ഞു: നിങ്ങളുടെ ഗ്രാമം ഞങ്ങൾ തിരിച്ചു തരാം, നിങ്ങളെ അവിടുത്തെ ഗ്രാമത്തലവനാക്കാം, മാസാമാസം 1,000 രൂപ വീതം നിങ്ങൾക്ക് ഞങ്ങൾ നൽകാം ബ്രിട്ടീഷുകാർക്കെതിരെയുള്ള സമരത്തിൽ നിന്ന് പിന്മാറിയാൽ മാത്രം മതി. അധികാരത്തിന്റെ അപ്പക്കഷണങ്ങൾ തൊട്ടുതീണ്ടാത്ത ബ്രിട്ടീഷ് വിരോധം വ്രതമാക്കിയ  ആ ദേശസ്നേഹി പറഞ്ഞു: ആ ഗ്രാമം എന്റേതാണ്, ആയിരം രൂപയ്ക്ക് പണയം വെക്കാൻ ഉള്ളതല്ല എന്റെ സ്വതന്ത്ര ദാഹം, ഇളം പുതുശ്ശേരി ഞാൻ ഭരിക്കും, ബ്രിട്ടീഷുകാർ നാട് വിടണം .വധിക്കുന്നവർക്ക് 3000 രൂപ ഇനാം പ്രഖ്യാപിച്ചിട്ടും വയനാട്ടിൽ ഗറില്ലാ മോഡൽ യുദ്ധം നയിച്ച ഉണ്ണിമൂസ മൂപ്പനെ അവസാനം പട്ടാളക്കാർ വെടിവച്ചു കൊല്ലുകയാണുണ്ടായത്. ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ച 1857ലെ സമരത്തിൽ 27,000 മുസ്ലിങ്ങളാണ് കൊല്ലപ്പെട്ടത്. അഹ്മദുള്ളഷാ അതിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്നു. പർദ്ദ ധരിച്ചു കൊണ്ട് ബീഗം ഹസ്രത്ത് മഹൽ അതിന്റെ മുൻനിരയിലുണ്ടായിരുന്നു.

        1920-കളിൽ ബ്രിട്ടനെ വിറപ്പിച്ച സ്വാതന്ത്ര്യസമര പോരാളിയാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി. രാജ്യത്തെവിടെയുമില്ലാത്ത രൂപത്തിൽ സുസംഘടിതവും ശക്തവുമായ ഒരു സൈന്യം സൃഷ്ടിച്ച് ബ്രിട്ടീഷ് നരാധമന്മാരിൽ നിന്ന് ഒരു ഭൂപ്രദേശം തന്നെ തിരിച്ചു പിടിച്ച് “സ്വതന്ത്രമലയാളഭൂമിക"എന്ന നാമകരണം ചെയ്ത വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയുടെ പോരാട്ടം ബ്രിട്ടീഷുകാർക്ക് ഏറ്റവും നഷ്ടം വരുത്തിയ പോരാട്ടമായിരുന്നു. ബ്രിട്ടീഷ് കേണൽ ഹംഫ്രീ ഹാജിയെ അനുനയിപ്പിക്കാൻ മക്കയിലേക്ക് യാത്രയാകാം എന്ന് എഴുതിയപ്പോൾ കുഞ്ഞഹമ്മദ് ഹാജി പിന്നീട് ഹംഫ്രി യോട് പറഞ്ഞത് “നിങ്ങൾ ഒരു കാര്യം മറന്നു, ഞാൻ മക്കയെ ഇഷ്ടപ്പെടുന്നു, പക്ഷേ ഞാൻ പിറന്നത് മക്കയിലല്ല,വീരേതിഹാസങ്ങൾ രചിച്ച ഈ മണ്ണിലാണ്, ഇതാണ് എന്റെ നാട് ,ഈ ദേശത്തെയാണ് ഞാൻ സ്നേഹിക്കുന്നത്,ഈ മണ്ണിൽ മരിച്ചു ഈ മണ്ണിൽ തന്നെ അടങ്ങണമെന്നാണ് ഞാൻ വിചാരിക്കുന്നത്. 1922 ജനുവരി 20ന് കോട്ടക്കുന്നിൽ വെച്ച് വധശിക്ഷ നടപ്പാക്കാനൊരുങ്ങിയപ്പോൾ ഹാജിയാർ ഗർജിച്ചു: ഭീരുക്കളെപ്പോലെ കണ്ണ് കെട്ടി നിർത്തി പുറകിൽ നിന്ന് വെടിവെച്ചു കൊല്ലാതെ ആണത്തം ഉണ്ടെങ്കിൽ നേർക്ക് നേരെ നിന്ന് വെടിവെക്ക്. മനോധൈര്യം തുളുമ്പുന്ന ഈ മുഖം ബ്രിട്ടീഷുകാർക്ക് പേടിയായിരുന്നു പേടിച്ച് പേടിച്ച് അവസാനം അന്ത്യാഭിലാഷം പോലും സ്വീകരിക്കാതെ പുറകിൽ നിന്ന് വെടിവെച്ച് കൊല്ലുകയായിരുന്നു.തീർന്നില്ല,ആ ശരീരം മാപ്പിളമാർക്ക് പ്രചോദനമാകുമെന്ന് കരുതി പെട്രോളൊഴിച്ച് കത്തിച്ചു. കത്തിയ ചാരത്തിൽ നിന്ന് ഒരു എല്ല് പോലും ബാക്കി വെക്കാതെ മുഴുവനും ബ്രിട്ടീഷുകാർക്ക് കൊണ്ടുപോകുകയായിരുന്നു. ഈ കഥ RSS കാർ കേൾക്കണം. 

        ജയിലിൽ നിന്ന് മോചനം നൽകുകയാണെങ്കിൽ ഞാൻ നിങ്ങൾക്കെതിരെ പ്രവർത്തിക്കുകയില്ലെന്ന് പറഞ്ഞ് ക്ഷമിച്ചാലും ക്ഷമിച്ചാലും എന്ന് ആറ് പ്രാവശ്യം ക്ഷമാപണം ചോദിച്ച ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ സവർക്കറിന്റെ അനുയായികൾ ഈ കഥ കേൾക്കേണ്ടതുണ്ട്. സ്വാതന്ത്രസമരത്തിലെ ധീരവനിത എന്ന് വിശേഷിപ്പിക്കപ്പെട്ട ആബിദ ബീഗത്തിൻ്റെ പുന്നാരമോൻ, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്കോടെ പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് സ്വരാജ്യത്തിന്റെ മോചനമാണ് തന്റെ സ്വപ്നമെന്ന് പറഞ്ഞ്, സ്വാതന്ത്രമാണ് എനിക്കാവശ്യമെന്ന് പറഞ്ഞു പഠനം നിർത്തി സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ മൗലാനാ മുഹമ്മദലി ജൗഹർ. 1930 ലണ്ടനിലെ വട്ടമേശസമ്മേളനത്തിൽ ബ്രിട്ടീഷ് ജനറലിനെതിരെ സിംഹ ഗർജനം മുഴക്കി: “ഇന്ത്യയിൽ 32 കോടി മുസ്ലിങ്ങളുണ്ട്, ബ്രിട്ടന്റെ വെടിയുണ്ടകൾക്കു മുമ്പിൽ നെഞ്ചുവിരിച്ച് നിൽക്കാൻ ഞങ്ങൾക്ക് മനോധൈര്യമുണ്ട്, പക്ഷേ 32 കോടി ജനങ്ങളെ വെടിവെച്ചിടാൻ ധൈര്യവും മനക്കരുത്തും നിങ്ങൾക്കുണ്ടാവില്ല. അങ്ങനെ ധൈര്യവും മനക്കരുത്തും നിങ്ങൾക്കുണ്ടെങ്കിൽ ആ വെടിയുണ്ട ഈ മുഹമ്മദലിയുടെ മാറിലേക്ക് തുറക്കട്ടെ. മിസ്റ്റർ ജോർജ്. എന്റെ നാടിനെ സ്വാതന്ത്ര്യം തരൂ അല്ലെങ്കിൽ എൻ്റെ മയ്യിത്ത് അടക്കം ചെയ്യാൻ സ്വാതന്ത്ര്യമുള്ള ആറടി മണ്ണ് തരു......" എന്നായിരുന്നു.

        കമ്യൂണിസ്റ്റും കോൺഗ്രസും മറ്റു ഇതര പ്രസ്ഥാനങ്ങളും സ്വാതന്ത്ര്യസമരത്തിന്റെ പൈത്രകം പേറുമ്പോൾ ദേശസ്നേഹം ചമയുന്ന ആർഎസ്എസ് കാർക്ക് സ്വാതന്ത്രസമരത്തിൽ എന്ത് പങ്കാണുള്ളത്? 1925 രൂപംകൊണ്ട ആർഎസ്എസ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ടോ?  പോലീസുകാരന്റെ ലാത്തി കൊണ്ട് അടി വാങ്ങിയിട്ടുണ്ടോ? തൂക്കുമരത്തിൽ കയറിയിട്ടുണ്ടോ? ഇല്ലേയില്ല. ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ ആർഎസ്എസുകാർ പങ്കെടുക്കരുതെന്നായിരുന്നു അവരുടെ പ്രഖ്യാപിത നയം. ഗാന്ധിജി നടത്തിയ സമരങ്ങളിൽ ഹെഡ്ഗെവാർ പോയത് പോരാളികളെ പിന്തിരിപ്പിക്കാൻ ആയിരുന്നില്ലേ? സൈമൺ കമ്മീഷനെതിരെ കരിങ്കൊടി കാണിച്ച ലാലാ ലജ്പത് റായിയെ തള്ളിപ്പറഞ്ഞ പാരമ്പര്യമല്ലേ അവർക്കുള്ളത്? 1930 ജനുവരി 26 ന് ആയിരക്കണക്കിന് ദേശാഭിമാനികൾ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ എടുത്തപ്പോൾ മാറിനിന്ന ചരിത്രമാണ് അവർക്കുള്ളത്. ദേശീയപതാക അംഗീകരിക്കാൻ അവർ വിസമ്മതം കാണിച്ചു. ബ്രിട്ടീഷുകാർ സ്വാതന്ത്ര്യസമരസേനാനികളുടെ സ്വത്തുവകകൾ കണ്ടുകെട്ടുകയും അവരെ ജയിലിലടക്കുകയും ചെയ്തപ്പോൾ അവർ നിസ്സംഗത പാലിച്ചു. 1930-40 കാലഘട്ടത്തിൽ സ്വാതന്ത്ര്യ സമരം ഏറ്റവും ഉച്ചിയിലെത്തിയപ്പോൾ ആർഎസ്എസ് നേതാവ് മുഞ്ജെ ബ്രിട്ടീഷുകാരോട് ഉത്തരവാദിത്വമുള്ള സഹകാരിയായിരിക്കാനാണ്  അനുയായികളോട് ആവശ്യപ്പെട്ടത്.

           വെറുമൊരു ജയിലിന്റെ അഴികൾ പേടിച്ച് ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ ഈ ഭീരുക്കളാണിന്ന് പോരാട്ടത്തിന്റെ വീരേതിഹാസം രചിച്ച മുസ്ലിം സമൂഹത്തിന്റെ പൗരത്വം പരിശോധിക്കുന്നത്. ഈ രാജ്യം മുസ്ലീങ്ങളുടെ പോരാട്ടത്തിന്റെ സൃഷ്ടിയാണ്.  ഹിന്ദു മുസ്ലിം ഐക്യമാണ് ഈ രാജ്യത്തെ രൂപപ്പെടുത്തിയത്. വൈദേശിക ശക്തികളുടെ ആനുകൂല്യത്തിന്റെ അപ്പക്കഷണങ്ങളിൽ അവർ വീണു പോയില്ല.

പർദ്ദ ധരിച്ചു കൊണ്ട് വാൾ വീശിയ ബീഗം ഹസ്രത്ത് മഹലിന്റേതാണീ മണ്ണ്. “ബ്രിട്ടീഷുകാരെ അനുസരിക്കാം" എന്ന വാക്ക് മതിയായിയിട്ടും ജീവൻ ബലിയർപ്പിച്ച ആലിമുസ്ലിയാരുടെയും ചെമ്പ്രശ്ശേരി തങ്ങളുടെയും കഥപറയുന്ന മണ്ണാണ് ഇന്ത്യയുടേത്. സമരാവേശം ജ്വലിപ്പിച്ച് നിർത്തിയ അത്യുന്നത പ്രഭാഷണങ്ങളുടെ വേദിയായിരുന്നു ഡൽഹി ജുമാ മസ്ജിദ്. ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന്റെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മൗലാനാ സയ്യിദ് അഹ്മദ് മദനിയെ അനുമോദിക്കുന്ന ചടങ്ങിൽ ഈ ഉലമാക്കളുടെ കാൽപാദത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന മണൽ തരികൾ എന്റെ കണ്ണിലെ കൃഷ്ണമണി പോലെയാണെന്ന് പ്രഥമ പ്രധാനമന്ത്രി നെഹ്റു പറഞ്ഞത് ഈ ചരിത്രവസ്തുത ഉൾക്കൊണ്ടാണ്........

       

        

  

Comments

Post a Comment

Popular posts from this blog

കോവിഡാനന്തരം; നിയന്ത്രണങ്ങളുടെ ഒരു ലോകം പിറക്കുകയാണ്

ഇ. കെ ഹസൻ മുസ്‌ലിയാർ

മുത്ത് നബി ;നവോത്ഥാന നായകൻ