മതങ്ങളുടെ ഒരു പുസ്തകം

           മനുഷ്യകുലം സങ്കീർണ്ണമായ ഒരവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. കൊലയും  ചതിയും യുദ്ധങ്ങളും വീണ്ടും പ്രത്യക്ഷപ്പെട്ടു. അതി സാങ്കേതികവിദ്യയും അതിലൂടെ നേടിയെടുത്ത അമിത ജ്ഞാനവും മനുഷ്യജീവിതത്തെ കൂടുതൽ സുന്ദരമാക്കുന്നതിനുപകരം കൂടുതൽ സങ്കീർണ്ണമാക്കുകയാണ് ചെയ്തത്. മനുഷ്യകുലം ഈ ഭയാനക ഭീഷണി നേരിടുന്ന സാഹചര്യത്തിൽ മനുഷ്യ ജന്മങ്ങളെ സ്വാധീനിച്ച മതാചാര്യന്മാർ നോവലിലൂടെ ഭൂമിയിലേക്ക് ഇറങ്ങി വരികയാണ്.

           മുത്ത് നബി (സ്വ) തങ്ങളും ഐതിഹ്യങ്ങളിലെ കൃഷ്ണനും ക്രിസ്തുവും സഹോദര തുല്യരായി ഇഴകി ചേർന്നിട്ടുള്ള ഈ നോവൽ മത വിഭാഗീയതക്കും വർഗീയതക്കും എതിരായ ശക്തമായ ചിന്ത മുന്നോട്ട് വെക്കുന്നതാണ് .ഓരോ മതാചാര്യന്മാരും അക്കാലത്ത് ധർമ്മം നിലനിർത്താൻ വേണ്ടിയാണ് അവതീർണ്ണമായതെന്ന് കെ പി രാമനുണ്ണി സമർത്ഥിക്കുന്നു. സയൻസ് ഫിക്ഷൻ ആയാണ് നോവൽ ആരംഭിക്കുന്നതെങ്കിലും പിന്നീട് കഥ മാറിമറിയുന്നു.

           അമേരിക്കയിലെ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് നോവൽ ആരംഭിക്കുന്നത്. റഷ്യയുടെയും ഈസയുടെയും ബഹിരാകാശ ദൗത്യങ്ങൾ പരാജയപ്പെട്ട സമയത്താണ് ഒരു കഠിന പരീക്ഷണത്തിന് അമേരിക്ക മുതിരുന്നത്. മിഷന്റെ ഡയറക്ടർ ആൽബർട്ട് റൈമൺ കാണിക്കുന്ന ആംഗ്യങ്ങളും വൈകൃതങ്ങളും ഇന്നത്തെ ലോകത്തിന്റെ മാനസികാവസ്ഥയും അതേസമയം അമേരിക്കയുടെ ഹുങ്കും വരച്ചുകാണിക്കുന്നു.

           ബഹിരാകാശ യാത്രക്കാരായ മൂന്നുപേർക്കും വ്യത്യസ്ത ജോലികൾ നൽകപ്പെട്ടിട്ടുണ്ട്. മൈക്കിൾ ആന്റണിക്ക് സങ്കര ലോഹങ്ങളുടെ പിറവി ആയിരുന്നു പഠനം. കോപ്പർ ക്രോം സിർക്രോണിയം അലോയുടെ കണക്റ്റിവിറ്റി തിട്ടപ്പെടുത്തി അണുബോംബിനേക്കാൾ ശക്തമായ ഒരു മനുഷ്യനാശിനിയുടെ സൃഷ്ട്ടിപ്പ് ആയിരുന്നു ഇതിന്റെ ലക്ഷ്യം. ജോണിനെ ഏൽപ്പിക്കപ്പെട്ടിരുന്നത് ലഹരിപദാർത്ഥങ്ങൾ മൂലമുണ്ടാകുന്ന ക്യാൻസറിനെ നിഷ്കാസനം ചെയ്യാനുള്ള മരുന്ന് കണ്ടെത്തി ദൈവത്തെ വെല്ലുവിളിക്കുകയാണെങ്കിൽ ക്രിസ്റ്റീനക്ക് നൽകപ്പെട്ടത് മനുഷ്യരാശിക്ക് ഒന്നടങ്കം അപകടമായ ഒരു രാക്ഷസ കുഞ്ഞിനെ സൃഷ്ട്ടിക്കലായിരുന്നു. ഇത്തരത്തിൽ ദൈവത്തെ, ലോക രാജ്യങ്ങളെ, പ്രകൃതിനിയമങ്ങളെ വെല്ലുവിളിച്ച് തങ്ങളുടെ നെടുനായകത്വം ഉറപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പേറിയ ഈ വാഹനം കുതിച്ചുയർന്ന് അനന്തതയിൽ ചിന്നിച്ചിതറുകയാണ്.

           വിവിധ രാജ്യങ്ങളിലെ പ്രമുഖ ശാസ്ത്രജ്ഞൻമാരെല്ലാവരും പല പല കാരണങ്ങളും നിരത്തി മറ്റു രാജ്യങ്ങളെ പഴിചാരുമ്പോൾ ഐഎസ്ആർഒയിലെ ഹസ്സൻ കുട്ടിയും ശങ്കരൻ കുട്ടിയും ബഹിരാകാശ ദൗത്യം പരാജയപ്പെടാനുള്ള യഥാർത്ഥ കാരണം കണ്ടെത്തുന്നു.

           ഈ പ്രതിഭകൾ സ്വന്തമായി സൃഷ്ടിച്ചെടുത്ത ഡിറ്ററാക്ടർ ഉപയോഗിച്ച് അനന്തതയിലെ ബ്ലാക് ഹോളിൽ ഉടലെടുക്കുന്ന ബലരേഖകളാണ് യഥാർത്ഥ കാരണം എന്ന് മനസ്സിലാക്കുന്നു. തുടർന്ന് വിശാലമായ ചിന്തകളുടെയും വിശകലനത്തിന്റെയും അടിസ്ഥാനത്തിൽ അനന്തതയിൽ നിന്നുള്ള ഈ ബ്ലാക്ക് ഹോളിന്റെ ബലരേഖകൾ ഭൂമിയെ ഉടനെ  സ്പർശിക്കുമെന്നും ഇനി കൂടിയാൽ 9 മാസമേ ഇനി ഭൂമിയിൽ ജീവൻ സാധ്യമാകൂ എന്ന സത്യം അവർ മനസ്സിലാക്കുകയും ചെയ്യുന്നു. ഈ വസ്തുത ലോകത്തോട് വിളിച്ചു പറയുവാൻ വെമ്പൽ  കൊള്ളുന്ന സമയം, പറഞ്ഞാൽ സംഭവിക്കാവുന്ന പ്രത്യാഘാതങ്ങളിലേക്ക് നീണ്ട ചിന്ത അവരെ പിടിച്ചു നിർത്തുന്നു . ഒമ്പത് മാസം മാത്രമേ  ഇനി ജീവിതം സാധ്യമാകൂ എന്ന് തിരിച്ചറിയുന്ന സമയം ലോകമൊട്ടാകെ മറ്റൊരു അവസ്ഥയിലേക്ക് എടുത്ത് എറിയപ്പെടും. സദാചാരങ്ങളും ചട്ടങ്ങളും ഭരണകൂടങ്ങളും നോക്കുകുത്തിയായി മാറും. ജനങ്ങളൊന്നടങ്കം അശ്ലീലതയിൽ മുങ്ങിപ്പോകും. തെരുവോരങ്ങളിലും പൊതുസ്ഥലങ്ങളിലുമെല്ലാം ലൈംഗികവേഴ്ച നിത്യമാവും. ഈ തിരിച്ചറിവിന്റെ നിമിഷം അനന്തതയിലേക്ക് നീണ്ട കണ്ണുകളിലൂടെ ലോകത്തെ അധാർമ്മികതയിൽ നിന്നും അനാചാരങ്ങളിൽ നിന്നും ധാർമ്മികതയിലേക്ക് നയിച്ച ധർമ്മ വാഹകന്മാരായ മതാചാര്യന്മാരെ ഹസ്സൻകുട്ടി യും ശങ്കരൻകുട്ടിയും കാണുന്നു.

        മുത്ത് നബിയുടെ ജീവിതം ഹസ്സൻ കുട്ടിയുടെ മനസ്സിൽ പ്രത്യക്ഷപ്പെടുമ്പോൾ ദ്വാപരയുഗത്തിലെ കൃഷ്ണന്റെ ജീവിത സന്ദർഭങ്ങൾ ശങ്കരൻകുട്ടിയും വിശകലനം ചെയ്യുന്നു. ദ്വാപര യുഗത്തിൽ  നിന്ന് കൃഷ്ണനും ഏഴാം നൂറ്റാണ്ടിൽ നിന്ന് മുഹമ്മദ് നബിയും ആധുനിക ലോകത്തേക്ക് ലോക സംസ്ഥാപനത്തിനായി ഇടയ്ക്കിടെ ഇറങ്ങി വരുന്നു. മതങ്ങളുടെ പേരിൽ ജനങ്ങൾ തർക്കിക്കുന്നത് കാണുന്ന അവർ അന്യോന്യം സങ്കടം പറയുന്നു.

        നിരന്തര വിശകലനങ്ങൾക്കൊടുവിൽ അധർമ്മം നിറഞ്ഞ ഈ ലോകം കൂടുതൽ അശ്ലീലതയിലേക്ക് വലിച്ചെറിയപ്പെടാതിരിക്കാൻ വേണ്ടി നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ തങ്ങൾ കണ്ടെത്തിയ യാഥാർത്ഥ്യത്തെ മറച്ചുവെക്കാൻ അവർ നിർബന്ധിതരാകുന്നു. ഇതിനാൽ ഉടലെടുത്ത കടുത്ത മാനസിക സംഘർഷം മൂലം അവർ ജോലി രാജി വെച്ച് പൊന്നാനിയിലേക്ക് മടങ്ങുന്നു.

       മുത്ത് നബിയെയും  കൃഷ്ണനെയും നിഷ്പക്ഷമായി  വിലയിരുത്തി മതസൗഹാർദങ്ങൾക്ക്  നവോന്മേഷം നൽകുന്ന ഒരു  രചനയാണ് കെ പി രാമനുണ്ണിയുടെ ഈ നോവൽ . മുത്ത് നബിയുടെ ഇസ്റാഅ്-മിഅറാജ് വേളയിൽ ബൈത്തുൽ മുഖദ്ദസിൽ വെച്ച് ഇബ്രാഹിം നബി(അ) നും മറ്റു പ്രവാചകന്മാരോടുമൊപ്പം കൃഷ്ണനെയും നബി ആലിംഗനം ചെയ്തതായി രചയിതാവ് മനോഹരമായി ചിത്രീകരിക്കുന്നു. കൃഷ്ണൻ നബിയെ മുത്തേ എന്ന് വിളിക്കുന്നതും നബി കൃഷ്ണനെ ഇക്കാ എന്ന് വിളിക്കുന്നതും മതത്തിന്റെ അതിർവരമ്പുകളെ മായ്ച്ചുകളയുന്നതും  കേരളത്തിന്റെ ഗൃഹാതുരത്വ ഓർമ്മകളിലേക്ക് വായനക്കാരെ കൂട്ടി കൊണ്ട് പോകുന്നതുമായ ഒരു രംഗമാണ്. മതസൗഹാർദത്തിന് പേരുകേട്ട പൊന്നാനി പൈതൃകം ഇടക്കിടെ നോവലിൽ വരുന്നുണ്ട്. മതങ്ങളെ തമ്മിൽ ഇണക്കി ചേർക്കുന്നതിനോടൊപ്പം അന്ധമായ ഭൗതിക ജ്വരത്തെ പരിഹസിക്കുക കൂടി ചെയ്യുന്നുണ്ട് ഈ നോവൽ.

              കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് കൂടാതെ, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ഭാരതീയ ഭാഷാ പരിഷത് അവാര്‍ഡ് തുടങ്ങിയ അവാര്‍ഡുകള്‍ ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്. ധാരാളം ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷമാണ് “ദൈവത്തിന്റെ പുസ്തകം” എന്ന ഈ നോവലിന് കെ പി രാമനുണ്ണി തയ്യാറെടുക്കുന്നത്.  വില 550രൂപ... 686പേജ്..... 

Comments

  1. മതങ്ങളുടെയും
    മാനവികതയുടെയും
    പരിപ്രേക്ഷ്യമാണ്
    'ദൈവത്തിൻ്റെ പുസ്തകം'.

    ReplyDelete

Post a Comment

Popular posts from this blog

കോവിഡാനന്തരം; നിയന്ത്രണങ്ങളുടെ ഒരു ലോകം പിറക്കുകയാണ്

ഇ. കെ ഹസൻ മുസ്‌ലിയാർ

മുത്ത് നബി ;നവോത്ഥാന നായകൻ