ബാല്യകാല സഖി
ബേപ്പൂർ സുൽത്താന്റെ മാസ്റ്റർപീസ് നോവലും സിനിമയായ രണ്ടാമത്തെ നോവലുമാണ് ബാല്യകാല സഖി. സ്വപ്നങ്ങൾ നേടാനലഞ്ഞ് സുന്ദര ജീവിതത്തിൽ എത്തിപ്പെടുന്ന നോവലുകൾക്ക് ബദലായി സ്വപ്നങ്ങൾ എന്നന്നും സ്വപ്നങ്ങളായി തന്നെ തുടരുന്ന വിഷാദം നിറഞ്ഞ നോവലാണിത്. പ്രണയ നോവൽ എന്ന് വിളിക്കുന്നതിനേക്കാൾ ജീവിത യാഥാർത്ഥ്യങ്ങൾ പച്ചയായി വിവരിച്ച കൃതി എന്ന് വിശേഷിപ്പിക്കുന്നതാകും കൂടുതൽ ശരി.
ബദ്ധവൈരികളായിരുന്ന മജീദും സുഹറയും, മജീദ് സുഹറക്ക് മാമ്പഴം പറിച്ചു നൽകുന്നതോടെ കൂട്ടുകാരും കാമുകീ കാമുകന്മാരുമായിമാറുന്നു . ആണഭിമാനവും അതിനു വേണ്ടി എന്തും സഹിക്കുന്ന പുരുഷ മനോഭാവവും ഇവിടെ കടന്നുവരുന്നു .
കണക്കുകളിലെ തെറ്റുകൾക്കുള്ളിൽ മറഞ്ഞിരിക്കുന്ന ശരിയെ ന്യായീകരിക്കുകയാണ് ഇമ്മിണി ബല്യ ഒന്ന് .
വെറുംകൈയോടെ മടങ്ങിയെത്തിയ പ്രവാസ ജീവിതത്തിനു ശേഷം കുടുംബ പ്രാരാബ്ദങ്ങളും സുന്ദര മോഹങ്ങളും തലയിലേറ്റി മജീദ് വീണ്ടും നാട് ചുറ്റുകയാണ്. വിധികളിൽ തട്ടി കാലറ്റു വീണപ്പോഴും സ്വപ്നങ്ങൾ മജീദിന് പുനർജീവൻ നൽകുന്നു .
ഒടുവിൽ ഗ്രാമത്തിലെ ഏറ്റവും വലിയ പണക്കാരന്റെ മകൻ ഹോട്ടലിൽ എച്ചിൽപാത്രങ്ങൾ കഴുകുന്നവനായി പരിണമിക്കുന്നു. പഠനത്തിൽ മിടുക്കിയായിട്ടും ദാരിദ്ര്യം മൂലം തുടർന്ന് പഠിക്കാൻ കഴിയാതെ രണ്ടാം കെട്ടുകാരന്റെ ഭാര്യയായി ദുരിത ജീവിതം നയിക്കേണ്ടി വന്ന സുഹ്റ ഒടുവിൽ മജീദിന്റെ ജീവിതത്തിൽ നിന്ന് എന്നന്നേക്കുമായി അടർന്ന് പോവുകയാണ്.
സുന്ദരമായ പ്രണയകഥയിൽ തുടങ്ങി കഥാമധ്യത്തിൽ ദുരിതപൂർണ്ണമായ സന്ദർഭങ്ങളിലും ഒടുവിൽ പൂർണ വിഷാദത്തിലേക്കും പരിണമിക്കുന്ന ഈ നോവൽ സ്വപ്നങ്ങളും ജീവിത യാഥാർത്ഥ്യങ്ങളും രണ്ടാണെന്ന് വായനക്കാരന് മുന്നറിയിപ്പു നൽകുന്നതാണ്..........
Comments
Post a Comment