മരിച്ച് ജനിച്ചവർ
പ്രശസ്ത സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനുമായ ഹർഷ് മന്ദർ ഇന്ത്യയ്ക്കകത്തെ മറ്റൊരു ഇന്ത്യയിൽ ജീവിക്കുന്ന അനേകം പേരുടെ ജീവിതങ്ങൾ കോർത്തിണക്കിയ പുസ്തകമാണ് "ഒരു ജന്മം ഒരായിരം മരണം". കൂട്ടക്കൊലകളെയും വിശപ്പിനെയും അതിജീവിക്കുന്നവരോടൊപ്പം ഈ പുസ്തകം സഞ്ചരിക്കുന്നു. മറ്റുള്ളവരെ അന്നമൂട്ടി പട്ടിണി കിടക്കുന്ന കർഷകർ, ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ കഴിയാൻ വിധിക്കപ്പെട്ടവർ, മരണം മുഖാമുഖം കണ്ടപ്പോൾ സമൂഹം അശ്ലീലമായി ചാപ്പകുത്തിയ ജോലികൾ ചെയ്യാൻ നിർബന്ധിതരായവർ, .
അല്ലലും അലട്ടലുമില്ലാതെ സുഖജീവിതം നയിക്കുന്നവർക്ക് ഇത്തരത്തിലുള്ള എത്ര ജീവിതങ്ങൾ അറിയാമെന്ന് ചോദിക്കാതെ ചോദിക്കുകയാണ് എഴുത്തുകാരൻ. ഗുജറാത്ത് കൂട്ടക്കൊലയും 1984 ലെ ഡൽഹി സിഖ് വിരുദ്ധ കലാപവും വൈകാരികതയോടെ തൂലികയിൽ വിരിഞ്ഞിട്ടുണ്ട്.
പ്രസവത്തിനു ശേഷം ഹോസ്പിറ്റലിൽ കഴിയവേ ആൾക്കൂട്ടം കത്തിച്ചു കൊല്ലുന്ന സഹോദരനെ കണ്ടു ബോധംകെട്ടു വീണതിനാൽ രണ്ട് ആൺ മക്കളെ കൊല്ലുന്ന കാഴ്ച കാണേണ്ടി വന്നിട്ടില്ലാത്ത നസീബ, പിന്നീട് മനുഷ്യാവകാശ പ്രവർത്തകയായി മാറുകയാണ്. ജനിച്ചുവീണ ജാതി കാരണം തന്റെ ഇഷ്ട മൂർത്തിയായ ഹനുമാനെ ആരാധിക്കാൻ കഴിയാതെ വരുമ്പോൾ കൃഷ്ണൻ ഗോപാൽ സ്വന്തമായി ഹനുമാൻ ക്ഷേത്രം പണിത് ഗ്രാമത്തിന്റെ ഭ്രഷ്ടിന് പാത്രമാകുന്നു . അവസാനം മഹാ ദാരിദ്രത്തിൽ കൃഷ്ണൻ ഗോപാൽ മരണമടഞ്ഞതിനു ശേഷം ആ കുടുംബത്തിന് തങ്ങൾ നിർമ്മിച്ച ക്ഷേത്രത്തിൽ പ്രവേശിക്കരുതെന്ന നിബന്ധനയോടെ ആ ഗ്രാമത്തിൽ തന്നെ കഴിയേണ്ടി വരുന്നു.
ഭീകരവാദികളായി മുദ്രകുത്തി ഏറ്റുമുട്ടലായി ചിത്രീകരിച്ച ഇസ്രത് ജഹാന്റെ മരണത്തിനുത്തരവാദി ബിജെപിയുടെ കറുത്ത കൈകളാണെന്ന് ലേഖകൻ വ്യക്തമാക്കുന്നുണ്ട് . വാസ്തവം തുറന്നുകാട്ടി ജഡ്ജ് തമാഗ് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ സതീഷ് വർമ്മയെയും മോഹൻ ഝാരതയെയും ഉൾപ്പെടുത്തി ഒരു അന്വേഷണ സംഘത്തെ നിയോഗിക്കുന്നു . ഈ കൃത്യത്തിന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മുൻകൂർ അനുമതി നൽകിയിട്ടുണ്ടെന്ന് അനുമാനിച്ച കേസ് 2014ൽ ബിജെപി സർക്കാർ അധികാരത്തിലേറിയ തോടെ അട്ടിമറിക്കപ്പെട്ടു. പ്രതികൾ
കുറ്റവിമുക്തരാക്കപ്പെടുകയും പ്രമോഷൻ നേടുന്ന കാഴ്ചയും രചയിതാവ് വിവരിക്കുന്നു .
പട്ടിണി കാരണം മരിക്കുമെന്ന് കരുതി ഹേമ എന്ന പെൺകുട്ടിയെ മാതാപിതാക്കൾ ബന്ധുവായ രാംദാസിന് വിറ്റപ്പോൾ അത് വലിയ ക്രൂരതയായി ചിത്രീകരിച്ച് ഗവൺമെന്റും മാധ്യമ പ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും നിർബന്ധിപ്പിച്ച് മക്കളെ തിരിച്ചെടുപ്പിച്ച് പട്ടിണിക്കിട്ട് കൊല്ലുന്നു. നിർഭയ കേസിൽ ഒരു കൗമാരക്കാരൻ പ്രതിയായപ്പോൾ ദുർഗുണ പരിഹാര പാഠശാലയിൽ നിന്ന് മൂന്നു വർഷംകൊണ്ട് അവൻ പുറത്തിറങ്ങുമെന്ന കാരണത്താൽ നീതിവ്യവസ്ഥയെ പഴിചാരി വിലപിക്കുന്ന കോടതികളെയും ഗവൺമെന്റിനെയുമാണ് ദർശിക്കാൻ സാധിച്ചത്. ഈ അവസരത്തിൽ ആ കൗമാരക്കാരൻ പ്രതിയാക്കാൻ കാരണക്കാരൻ നമ്മൾ തന്നെയല്ലേ എന്ന് ലേഖകൻ ചോദിക്കുന്നു. കുറ്റവാളികൾക്ക് ശിക്ഷ മാത്രമല്ല നന്നാക്കാനുള്ള അവസരം കൂടി നൽകണമെന്ന് ലേഖകൻ വാദിക്കുന്നു .
ഇത്തരത്തിൽ കൊലചെയ്യപ്പെട്ട പെൺകുട്ടിയുടെയും പ്രതിയായ കുട്ടി കുറ്റവാളികളുടെയും വ്യത്യസ്ത ആഖ്യാനങ്ങൾക്കിടയിൽ പരതുന്ന ഇന്ത്യയെ പുസ്തകം പ്രതിപാദിക്കുന്നു.
ഇന്ത്യയുടെ വിനാശകരമായ ജാതീയത പുറത്ത് നിർത്തിയ അനേകം ജീവിതങ്ങളിൽ ഒരാൾ മാത്രമാണ് രോഹിത് വെമുല. ലൈംഗിക തൊഴിൽ സംസ്കാരം ട്രാൻസ്ജെൻഡർ വിഭാഗത്തിലും ഇതര വിഭാഗത്തിലും വളർത്തിക്കൊണ്ടുവന്നത് അവരെ പുറം തള്ളിയ സമൂഹമാണെന്ന് തുറന്നടിക്കുന്നുണ്ട് രചയിതാവ്.
നിരവധി ജീവിതങ്ങൾക്കിടയിൽ പെട്ടുഴലുന്ന ദരിദ്രരുടെ ജീവിതം നമുക്ക് മുന്നിൽ തന്നെയുണ്ട് . ചിരിക്കുന്ന മുഖത്തിന് പിന്നിൽ ഒരു കരയുന്ന മുഖമുണ്ടാകാം . ഒരു പക്ഷേ അവരുടെ ജീവിതം താറുമാറാക്കിയത് നാം തന്നെയായിരിക്കാം. വികസനത്തിന്റെയും തൊഴിലിന്റെയും പേരുകേട്ട് വഞ്ചിതരായവരാണവർ, അണക്കെട്ടുകളും ഫാക്ടറികളും റോഡുകളുമാണ് അവരുടെ ജീവിതം തകർത്തത്.ജീവിതത്തെ വെറുക്കുന്നവരുടെ ജീവിതം പ്രമേയമാക്കിയ ഈ പുസ്തകം മതിലുകൾ കെട്ടി മറച്ചു വെക്കാൻ ശ്രമിക്കുന്ന ഇന്ത്യയെ ലോകത്തിന് പരിചയപ്പെടുത്തി ക്കൊടുക്കുകയാണ്.. പേജ് 190. വില 200.
★★★★★★★★
👍👌👌
ReplyDelete