അഭയാർത്ഥിത്വം; മരുന്നില്ലാത്ത മഹാമാരിയോ.?
അഭയം അർത്ഥിക്കുന്നവനാണ് അഭയാർത്ഥി. ജീവിതപ്പെരുവഴിയിൽ തലചായ്ക്കാനൊരിടമില്ലാതെ, ഒരുനേരത്തെ ക്ഷുത്തടക്കാനോ നാവു നനക്കാനോ കഴിയാതെ നന്മ മുറ്റിയ കണ്ണുകളെ പ്രതീക്ഷിച്ചിരിക്കുന്നവർ.ചരിത്രത്തോളം പഴക്കമുള്ള മനുഷ്യ പ്രവാഹങ്ങൾ ആരൊക്കെയോ എവിടെയൊക്കെയോ വെച്ച് ചില ചിത്രങ്ങളിൽ അതിർത്തി കീറിയപ്പോൾ അഭയാർത്ഥി പലായനമായി മാറി. അഭയാർഥികൾക്കായുള്ള യു.എൻ കമ്മീഷന്റെ നിർവചനമനുസരിച്ച് യുദ്ധം, പീഡനം അല്ലെങ്കിൽ അക്രമം ഭയന്ന് സ്വന്തം രാജ്യത്ത് നിന്ന് പലായനം ചെയ്യാൻ നിർബന്ധിക്കപ്പെട്ടവരാണ് അഭയാർഥികൾ.2016ലെ കണക്കനുസരിച്ച് ലോകത്ത് ഏഴ് കോടിയോളം മനുഷ്യർ പിറന്ന മണ്ണിൽ നിന്നും പിഴുതെറിയപ്പെട്ടവരാണ്.
ജീവിക്കാനുള്ള മനുഷ്യരുടെ അവകാശം ഹനിക്കപ്പെടുമ്പോഴാണ് അഭയാർത്ഥികൾ പിറക്കുന്നത് . നന്മ വറ്റിയ പരിസരമാണ് അവരെ ആട്ടിയോടിക്കുന്നത്. 1948- ൽ ഇസ്രായേലിന്റെ പിറവിയോടെ ഫലസ്തീനികൾ അഭയാർഥികളായി. ജനാധിപത്യപരമായി തുടങ്ങിയ മുല്ലപ്പൂ വിപ്ലവത്തെ പശ്ചിമേഷ്യയെ അസ്വസ്ഥതമാക്കാനുള്ള അവസരമായി കണ്ട് പടിഞ്ഞാറൻ ശക്തികൾ ആളും അർത്ഥവും നൽകി തീവ്രവാദികളെ പടച്ചുവിട്ടപ്പോൾ ലിബിയയും സിറിയയും യമനും അരക്ഷിതാവസ്ഥയിലായി. സ്വന്തം രാജ്യത്തെ സൈന്യത്തിന്റെ ഒത്താശയോടെ ബുദ്ധ മതതീവ്രവാദികൾ അഴിഞ്ഞാടിയപ്പോൾ ലോകത്ത് ഏറ്റവും ദുരിതമനുഭവിക്കുന്ന ജനത എന്ന വിശേഷണത്തിലേക്ക് റോഹിംഗ്യൻ ജനത എടുത്തെറിയപ്പെട്ടു. അമേരിക്കയുടെ ഇറാഖ് അധിനിവേശം 40 ലക്ഷത്തിലധികം പേരെ അഭയാർഥികളാക്കി മാറ്റി. സോമാലിയ,
എരിത്രിയ, നൈജീരിയ, ദക്ഷിണ സുഡാൻ, എന്നിവിടങ്ങളിൽ ആഭ്യന്തര കലാപങ്ങൾ അഭയാർത്ഥി പ്രവാഹത്തിന് നിദാനമായി.
ജീവിക്കണമെന്ന് മാത്രം ആശിച്ച് ചെറുതോണിയിൽ ദുരിതം പേറി കടൽതാണ്ടി അഭയം തേടിയെത്തിയവർക്ക് മുമ്പിൽ തീവ്ര ദേശീയതയും മനുഷ്യത്വം മരവിച്ച ഹൃദയങ്ങളും അതിർത്തികൾ കൊട്ടിയടച്ചു. തുർക്കിയും ഒരു വേള, മാമാ മാർക്കലിന്റെ ജർമനിയും അഭയാർത്ഥികളെ സ്വീകരിച്ച് അനുതാപം പ്രകടമാക്കിയപ്പോൾ ചില രാഷ്ട്രങ്ങൾ അഭയാർഥികളുടെ മതം പരിശോധിക്കാനാണ് സമയം കണ്ടെത്തിയത്. അഭയാർഥികൾ തീവ്രവാദികളാണെന്ന പ്രചാരണം ചൂടുപിടിച്ചു. ഇന്ത്യയും വ്യതിരക്തമായില്ല. സെരാസ്ട്രിയൻ അഭയാർഥികൾക്കും ടിബറ്റിൽ നിന്നുള്ള ദലൈലാമയുടെ അനുയായികൾക്കും അഫ്ഗാനിസ്ഥാനിലെയും ശ്രീലങ്കയലെ അഭയാർഥികൾക്കും കാരുണ്യത്തിന്റെ കവാടം തുറന്നു കൊടുത്ത ഗാന്ധിജിയുടെ ഇന്ത്യ മോദിയുടെ ഇന്ത്യയായി പരിണമിച്ചപ്പോൾ ചക്മകളും ഹാജോഗുകളും അഭയാർത്ഥികളും റോഹിംഗ്യൻ മുസ്ലീങ്ങൾ രാഷ്ട്രത്തിന് ഭീഷണിയുമായി മാറി. പാരീസ് അക്രമണത്തിന്റെ ചുവട് പിടിച്ച് അഭയാർത്ഥികൾ തീവ്രവാദികളാണെന്ന പ്രചാരണമാണ് തീവ്ര ദേശീയ വാദികൾ കൊണ്ട് പിടിച്ചതെങ്കിൽ കൊറോണ വാഹകരെന്ന ഏവരെയും ഭീതിയിലാഴ്ത്തുന്ന പ്രചാരണം കോവിഡാനന്തര കാലത്ത് കാത്തിരിക്കുന്നുണ്ടെന്നതാണ് ഏറെ ഭീതിതം.
മോറിയയും കൊറോണയും
മൃഗങ്ങൾക്ക് പോലും വാസയോഗ്യമല്ലാത്തതെന്ന് ഹ്യൂമൻ റൈറ്റ് വാച്ച് വിശേഷിപ്പിച്ച അഭയാർത്ഥി ക്യാമ്പാണ് മോറിയ. യൂറോപ്പിലെ പുറംമോടിക്കപ്പുറം ദുർഗന്ധം വമിക്കുന്ന മാലിന്യം നിറഞ്ഞ പ്രദേശത്താണിത് സ്ഥിതിചെയ്യുന്നത്. വെറും 2,800 പേർക്ക് വേണ്ടി നിർമ്മിച്ച ഈ ക്യാമ്പിൽ 26,000 അഭയാർത്ഥികളാണ് ജീവിതം തള്ളിനീക്കുന്നത്. മഹാമാരി പടർന്നു പന്തലിക്കുമ്പോൾ പ്രതിരോധിക്കാൻ വിദഗ്ധർ പറയുന്ന മുൻകരുതലുകളൊന്നും സ്വീകരിക്കാനാകാത്ത അത്യന്തം അപകടകരമായ അവസ്ഥയാണ് മോറിയയിലും മറ്റു അഭയാർത്ഥി ക്യാമ്പുകളിലും നിലനിൽക്കുന്നത്. മോറിയ ക്യാമ്പിൽ 1300 ആളുകൾക്ക് ശുദ്ധജലം നൽകാൻ ഒരു ടാപ്പ് മാത്രമാണുള്ളത്. സോപ്പ് അവർ കണ്ട കാലം മറന്നുവെന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡ് പറയുന്നു. മൂന്ന് ചതുരശ്രമീറ്ററിനകത്ത് അഞ്ചോ ആറോ കുടുംബങ്ങൾ ചേർന്നാണ് രാത്രി ഉറങ്ങുന്നത്
വൃത്തിഹീനമായ ശൗചാലയങ്ങളും സാധാരണ ടാർപായ കൊണ്ട് കെട്ടിയ ടെന്റിന് ചുറ്റും മാലിന്യക്കൂമ്പാരങ്ങളുമാണ് ഇവിടെ കാണാൻ സാധിക്കുക. കോവിഡ് മഹാമാരി യൂറോപ്പിൽ വേരൂന്നിയ ഈ സമയത്ത് ഇത്തരം സ്ഥലങ്ങളെ ഭീതിയോടെയല്ലാതെ നോക്കി കാണാൻ സാധിക്കുകയില്ല.
മോറിയ മാത്രമല്ല യൂറോപ്പിലെയും മിഡിൽ ഈസ്റ്റിലെയും ഡസൻ കണക്കിന് അഭയാർഥി ക്യാമ്പുകൾ ഭീഷണി നേരിടുന്നുണ്ട്. സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയും ബംഗ്ലാദേശിലെ കുട്ടു പലോംഗോയും തഥൈവ.
അഭയാർത്ഥികൾക്കിടയിലേക്ക് കോവിഡ് എത്തിയാൽ വൻ ദുരന്തമായിരിക്കും ഫലമെന്ന് മനസ്സിലാക്കി വൈറസ് എത്താതിരിക്കാൻ മനുഷ്യാവകാശ ഏജൻസികൾ ത്വരിത ഗതിയിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. സന്നദ്ധ പ്രവർത്തകർക്ക് ആവശ്യമായ ട്രെയിനിങ്ങും നൽകുന്നുണ്ട്. അപ്പോഴും ശുദ്ധജലമില്ലാത്ത, സാനിറ്റൈസർ കണ്ടിട്ട് പോലുമില്ലാത്ത ഒരു വലിയ ജനവിഭാഗത്തിനിടയിൽ പ്രതിരോധ പ്രവർത്തനങ്ങൾ എത്രമാത്രം ഫലം ചെയ്യിപ്പിക്കുന്ന് വലിയൊരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.
പരിഹാരം സാധ്യമാണോ ?
അഭയാർഥികളുടെ പലായനവും അവരുടെ കൂട്ട മരണവും എന്നും ചർച്ചാ വിഷയം തന്നെയാണ്. പക്ഷേ ചർച്ചയാകാത്തത് അതിന്റെ കാരണങ്ങളെ കുറിച്ചാണ്, അതിന് ഉത്തരവാദികളായവരുടെ ചെയ്തികളെക്കുറിച്ചാണ്. ഒരു വൈറസിൽ നിന്ന് പൂർണ്ണമായും മുക്തമാകാൻ അതിനെതിരെയുള്ള വാക്സിൻ കണ്ടുപിടിക്കണം. അത് കാര്യക്ഷമമായി ഉപയോഗിക്കപ്പെടണം. ലക്ഷണങ്ങളെ ചികിത്സിച്ചതു കൊണ്ട് ഫലമില്ല. ഇതുപോലെത്തന്നെയാണ് ലോകത്ത് സംഭവിക്കുന്ന ഏതൊരു പ്രശ്നവും. അഭയാർത്ഥി പ്രശ്നത്തിന്റെ മൂലകാരണങ്ങളറിയാൻ മൈക്രോസ്കോപ്പിന്റെയൊന്നും ആവശ്യമില്ല. ശാക്തിക ചേരികളുടെ കിടമത്സരവും പൗരസ്ത്യ ദേശങ്ങളുടെ മേലുള്ള പടിഞ്ഞാറൻ രാജ്യങ്ങളുടെ അനാവശ്യ ഇടപെടലുകളും അസ്തമിച്ച മനുഷ്യത്വവുമാണ് ലോകത്തെ അസ്വസ്ഥമാക്കുന്നതെന്ന് പകൽ വെളിച്ചം പോലെയിന്ന് പരസ്യമാണ്.
ഓരോ രാജ്യവും തങ്ങളുടെ ശേഷി അനുസരിച്ച് അഭയാർഥികളെ സ്വീകരിക്കുക എന്ന യുഎൻ നിർദ്ദേശം തൊലിപ്പുറത്തുള്ള ചികിത്സ മാത്രമാണ്. മാത്രമല്ല, ഈ നിർദ്ദേശപ്രകാരം ആതിഥേയ രാഷ്ട്രം കൂടി ക്ഷീണിതരാവുകയാണ് ചെയ്യുക. സമാധാനവും നിയമവാഴ്ചയും ഉറപ്പുവരുത്തി അഭയാർഥികളെ അവരുടെ മാതൃഭൂമിയിൽ തന്നെ അധിവസിപ്പിക്കുമ്പോൾ മാത്രമേ അഭയാർത്ഥി പ്രശ്നം പൂർണമായി പരിഹരിക്കാൻ സാധിക്കുകയുള്ളൂ. ഇവിടെ ഇസ്ലാമിലെ ഹിജ്റ നൽകുന്ന പാഠങ്ങൾ ശ്രദ്ധേയമാണ്. മദീനയിൽ അഭയം തേടിയെത്തിയ മുഹാജിറുകൾക്ക് ഏതെങ്കിലുമൊരു പുറമ്പോക്ക് ഭൂമിയിൽ ടെന്റ് കെട്ടി കൊടുത്ത് ഭക്ഷണം എറിഞ്ഞു കൊടുക്കുകയല്ല ഇസ്ലാം ചെയ്തത്. അൻസാരികളെ അവർക്ക് സഹോദരന്മാരാക്കി കൊടുക്കുകയായിരുന്നു. സമ്പത്തും വീടും പങ്കിട്ടെടുത്ത ഉയർന്ന മാനവികത അവിടെ നമുക്ക് ദർശിക്കാം. തീർന്നില്ല, മക്ക വിജയ വേളയിൽ സമാധാന പുനഃസ്ഥാപനത്തിന് ശേഷം മുഹാജിറുകൾക്ക് മാതൃഭൂമിയിൽ പുനരധിവാസത്തിന് കൂടി അവസരമൊരുക്കി കൊടുക്കുമ്പോഴാണ് ഹിജ്റ പൂർണമാകുന്നത്. ഇവിടെയെല്ലാം അത്യന്താപേക്ഷിതമായി ഉണ്ടാകേണ്ടത് മനുഷ്യനെ മനുഷ്യനായി കാണാൻ സാധിക്കുന്ന ഒരു സമൂഹം തന്നെയാണ്..
👍👍👍👍👍👍
ReplyDelete